കുന്ദമംഗലം: വയോധികരുടെ ക്ഷേമവും പരിപാലനവും ലക്ഷ്യമിട്ട് കുന്ദമംഗലം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പന്തീർപാടം ചെറുകുന്നുമ്മല്‍ നിര്‍മ്മിച്ച ‘പകൽ വീട്’ ഒക്ടോബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്യും. വൃദ്ധ പരിചരണത്തിന് നാടിന് മാതൃകയായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷവും ചെലവഴിച്ച് സംയുക്തമായാണ് ‘പകല്‍ വീട്’ നിര്‍മ്മിച്ചത്. എട്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച പകല്‍ വീട് വൃദ്ധ ജനങ്ങളുടെ പരിപാലനവും ക്ഷേമവും ലക്ഷ്യമിടുന്ന സ്നേഹ കൂടാരമാവുമെന്ന് വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് പറഞ്ഞു. ഫിസിയോ തെറാപ്പി സെന്റര്‍, വിശ്രമ മുറികള്‍, പരിശോധന മുറികള്‍, കിടപ്പു മുറികള്‍, ഡോര്‍ മെറ്ററി, നേഴ്സിങ്ങ് യൂനിറ്റ്, വ്യായാമ മുറകള്‍ ചെയ്യാനുള്ള സൌകര്യം, വിനോദ കേന്ദ്രങ്ങള്‍, പൂന്തോട്ടം, ഒന്നിച്ചിരിക്കാനുള്ള ഹാള്‍ തുടങ്ങിയ മെച്ചപ്പെട്ട ആധുനിക സംവിധാനങ്ങള്‍ ഭാവിയില്‍ പകല്‍ വീട്ടില്‍ ഒരുക്കും. നിര്‍മ്മാണ വൈദഗ്ധ്യവും സൌന്ദര്യ മികവും ഒത്തു ചേര്‍ന്ന് നിര്‍മ്മിക്കുന്ന പകല്‍ വീട് കുന്ദമംഗലം പഞ്ചായത്തിന്‍റെ മുന്നേറ്റ വഴികളില്‍ മറ്റൊരു പൊന്‍ തൂവലാകും. പന്തീർപാടം ചെറുകുന്നുമ്മല്‍ ശ്രീകണ്ട പ്രസാദ് സൗജന്യമായി നല്‍കിയ മൂന്നര സെന്റ് സ്ഥലത്താണ് പകല്‍ വീട് നിര്‍മ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.