കുന്ദമംഗലം സബ് ട്രഷറി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു സബ് ട്രഷറി ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ട്രഷറി ആരംഭിക്കുന്നതിന് ഉത്തരവായിരുന്നു, എന്നാല്‍ ട്രഷറി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താല്പര്യം കാണിക്കാതിരുന്നതുകൊണ്ട് ആയത് പ്രാവര്‍ത്തികമായിരുന്നില്ല.
സബ് ട്രഷറിക്ക് വേണ്ട സ്ഥലം ഉള്‍പ്പെടുത്തികൊണ്ട് കുന്ദമംഗലത്ത് പുതിയ മിനി സിവില്സ്റ്റേഷന് നിര്മ്മാണമാരംഭിച്ചതോടെയാണ് ട്രഷറിയെന്ന സ്വപ്നത്തിന് വീണ്ടും ചിറകുമുളക്കുന്നത്. അഞ്ച് നിലകളിലായി പ്രവൃത്തി പൂര്‍ത്തിയായി വരുന്ന മിനി സിവില്‍ സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് ട്രഷറിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. മിനി സിവില്‍ സ്റ്റേഷനിലേക്കാവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ട്രഷറി ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സബ് ട്രഷറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, സെലക്ഷന് ഗ്രേഡ് അക്കൗണ്ടന്റ്, ഓഫീസ് അറ്റന്റന്റ് എന്നിവയുടെ ഓരോ തസ്തികകളും ജൂനിയര്‍ അക്കൗണ്ടന്റിന്റെ രണ്ട് തസ്തികകളുമാണ് പുതുതായി കുന്ദമംഗലം സബ് ട്രഷിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചത്.
സബ് ട്രഷറിയില്‍ കമ്പ്യൂട്ടറുകളും, ഐ.ടി അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും കൗണ്ടര്‍, ക്യാബിന് നിര്‍മ്മാണം, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവയ്ക്കായി 16.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനാല്‍ ഓഫീസ് സംവിധാനിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് നവംബര്‍ അവസാന വാരത്തോടെ സബ് ട്രഷറിയുടെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.