കുന്ദമംഗലം:പ്രളയ ബാധിതർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ യു പി സ്കൂളിൽ ക്ലാസ് 5 ൽ പഠിക്കുന്ന അഭിജിത്ത് മോഹൻ ബാലനിധിയിലെ മുഴുവൻ തുകയും (6600 രൂപ) കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ വളപ്പിലിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീർഷകത്തിൽ “നാടിന്റെ ഉയർച്ചക്ക് അഭിമാനത്തോടെ ഞങ്ങളും” എന്ന് സംസ്ഥാനത്താകെ സെപ്റ്റംബർ 2 മുതൽ 6 വരെ സ്കൂളുകളിൽ നടത്തുന്ന ധനസമാഹരണത്തിന്റെ മുന്നോടിയായാണ് ബാലനിധിയിലെ സമ്പാദ്യം കൈമാറിയത്. കേരളത്തിലാകെ പ്രളയ ബാധിതരെ സഹായിക്കാൻ പൊതു സമൂഹം ഒറ്റകെട്ടായി ഇറങ്ങുന്ന വാർത്തകൾ പ്രചോദനമായിട്ടാണ് താനും ഈവിധം പങ്കാളിയാകുന്നത് എന്ന് അഭിജിത് മോഹൻ സാക്ഷ്യപ്പെടുത്തുന്നു.
സ്കൂൾ പ്രധാന അദ്ധ്യാപിക എം പി ഉഷാകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി.പി.ഷിനിൽ അധ്യക്ഷനായി.
കുന്ദമംഗലം സ്വദേശികളായ മോഹനചന്ദ്രൻ – ജിജ ദമ്പതികളുടെ മകനാണ് അഭിജിത്ത് മോഹൻ.
ബീവറേജ് കോർപ്പറേഷനിലെ ജീവനക്കാരനായ മോഹനചന്ദ്രൻ തന്റെ ശമ്പളത്തിൽ നിന്നും മാസംപ്രതി ആയിരം രൂപ നൽകുന്നതിന് സമ്മതപത്രവും നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലെ യു.ഡിടൈപ്പിസ്റ്റ് ആണ് അമ്മ ജിജ.