കുന്ദമംഗലം: ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥയുടെ തിരുവനന്തപുരം ഗവ.ലോ കോളേജിൽ നടന്ന സ്വീകരണ പരിപാടിക്കിടെ പ്രവർത്തകർക്കുനേരെ എസ് എഫ് ഐ – പോലീസ് നേതൃത്വത്തിൽ നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പസുകളെ ഏകാധിപത്യ ചെങ്കോട്ടകളാക്കി അപരശബ്ദങ്ങളെ തലപൊക്കാനനുവദിക്കാതെ അടിച്ചൊതുക്കുന്ന എസ്.എഫ്.ഐ രാഷ്ട്രീയം ഫാഷിസത്തിന്റെ വിദ്യാര്‍ഥി മുഖമാണ്. ജാഥാംഗങ്ങളെ വരെ ക്രൂരമായി മര്‍ദിച്ച് ജാഥ തുടങ്ങിയ ദിവസം തന്നെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സി.പിഎമ്മും എസ്.എഫ്.ഐയും പോലീസിന് ഉപയോഗിച്ച് ആസൂത്രണം ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം സമാപന പ്രസംഗം നടത്തി. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ ഫ്രറ്റേണിറ്റിയെ പ്രതീക്ഷാപൂര്‍വം സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ടാണ് സി.പി.എമ്മിന്റെ ഭരണസൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ഫ്രറ്റേണിറ്റിക്കുനേരെ എസ്.എഫ്.ഐയും പോലീസും ഒരേ സമയം അക്രമം അഴിച്ചുവിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകടനത്തിന് ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ എൻ. ദാനിഷ് ,പി.പി. അബ്ദുൽ വാഹിദ്, സി. അബ്ദുറഹ്മാൻ, ഫാസിൽ കുന്നമംഗലം, നൂറുദ്ദീൻ ചെറൂപ്പ, മുസ്അബ് പി പി,കാസിം പടനിലം,കെ.സി.സലീം, എന്നിവർ നേതൃത്വം നൽകി.