കുന്നമംഗലം : സംഗമം-18 ന്റെ ‘പല കൈ ഒരു തൈ’ സംരംഭം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സ്വയം പര്യാപ്തതയും എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സംഗമം വെൽഫെയർ സൊസൈറ്റി പലിശ രഹിത അയൽകൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടം ആണ് സംഗമം-18. വീടുകളിൽ നിന്ന് വീടുകളിലേക്ക് വ്യാപിപ്പിക്കുന്ന ഒരു പദ്ധതിയായിട്ടാണ് സംഗമം-18 ‘പല കൈ ഒരു തൈ’ പദ്ധതി ആരംഭിച്ചത്. പുതിയ തലമുറക്ക് ഒരു സന്ദേശം നൽകുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
സംഗമം വെൽഫെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സി.പി. സുമയ്യ അധ്യക്ഷത വഹിച്ചു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ പദ്ധതി വിശദീകരണം നടത്തി. സംഗമം സെക്രട്ടറി എൻ. ജാബിർ, രവീന്ദ്രൻ കുന്നമംഗലം, സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സംഗമം-18 സെക്രട്ടറി ഷൈനിബ ബഷീർ സ്വാഗതവും ഷോളിത നന്ദിയും പറഞ്ഞു.