കോഴിക്കോട്: ജില്ലയിൽ സ്കൂളുകളിൽ വ്യാപകമാവുന്ന റാഗിങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ റാഗിങിന് വിധേയരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നു. സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് ഗ്യാങ്ങുകളായി ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ നടത്തുന്ന പ്രവണതക്കെതിരെ സ്കൂൾ അധികൃതർ ശക്തമായ നടപടികൾ കൈക്കൊള്ളണം. റാഗിങ് വിരുദ്ധ സമിതികളുടെ പ്രവർത്തനം മിക്ക സ്കൂളുകളിലും നിർജീവമാവുന്നത് ഇത്തരക്കാർക്ക് മുതൽക്കൂട്ടാവുകയാണ്. റാഗിങ് സംഭവങ്ങൾ ഒതുക്കി തീർക്കാതെ കുറ്റക്കാരായ വിദ്യാർഥികൾക്ക് നേരെ ശക്തമായ നടപടി എടുത്ത് റാഗിങ്ങ് പോലെയുള്ള കുറ്റ കൃത്യങ്ങൾ സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള നിലപാട് സ്‌കൂൾ അധികൃതരും നിയമപാലകരും കൈക്കൊള്ളണം.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ ഹയർ സെക്കണ്ടറി കൺവീനർ ഷാഹിൽ കൺവീനറായി ജില്ലയിൽ റാഗിങ് വിരുദ്ധ സമിതിക്ക് രൂപം നൽകി. വിദ്യാർത്ഥികൾക്കിടയിൽ വിപുലമായ ബോധവൽക്കണം നടത്തും. വരും ദിവസങ്ങളിൽ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് , സുഫാന, ഹയർ സെക്കണ്ടറി കൺവീനർ ഷാഹിൽ എന്നിവർ സംസാരിച്ചു.