കുന്ദമംഗലം: വില്ലേജ് ഓഫീസ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
കോഴിക്കോട് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും രണ്ട് വീതം വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിന് എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവൃത്തി ആരംഭിക്കുന്ന ആദ്യത്തെ വില്ലേജ് ഓഫീസാണ് കുന്ദമംഗലം.
കാരന്തൂരിൽ പ്രവൃത്തിച്ചു വരുന്ന കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണത്തിന് പി.ടി.എ റഹീം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പരിപാടിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ, മെമ്പർമാരായ വിനോദ് പടനിലം, സനില വേണുഗോപാലൻ, ബഷീർ പടാളിയിൽ, എം.കെ മോഹൻദാസ്, കിഴക്കയിൽ സുകുമാരൻ നായർ, വി.പി ശ്രീനിവാസൻ, സി.അബ്ദുൽ ഗഫൂർ, ടി.വി വിനീത് കുമാർ, ഏറങ്ങാട്ട് അനിത സംസാരിച്ചു.
എൽ.എസ്.ജി.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തഹസിൽദാർ എൻ. പ്രേമചന്ദ്രൻ സ്വാഗതവും വില്ലേജ് ഓഫീസർ പി.വി ശ്രീജിത് നന്ദിയും പറഞ്ഞു.