ദയാപുരം:പ്രളയാനന്തരകേരളനവനിർമിതിയില്‍ പങ്കുചേർന്നുകൊണ്ട് ദയാപുരം ശൈഖ് അന്‍സാരി ഫൌണ്ടേഷന്‍ പ്രഖ്യാപിച്ച ഗൃഹനിർമാണപദ്ധതിയില്‍ ഏഴുവീടുകളുടെ നിർമാണപ്രവൃത്തി തുടങ്ങി. സാമൂഹികനീതി, സാമുദായിക സൌഹാർദ്ദം, അനാഥ-സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി 1984 ല്‍ സ്ഥാപിതമായ ദയാപുരം കേന്ദ്രത്തിന്‍റെ മുപ്പത്തഞ്ചാം വാർഷികാഘോഷം, പ്രളയദുരിതത്തില്‍പെട്ട 35 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിർമിച്ചുനല്കിയും, 35 വിദ്യാർത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് നല്കിയും പ്രളയവും പരിസ്ഥിതിയും ആസ്പദമാക്കി 35 അക്കാദമിക് പരിപാടികള്‍ നടത്തിയുമാണ് അടയാളപ്പെടുത്തുന്നത്.
കോഴിക്കോട്, വയനാട് ജില്ലാഅധികൃതരില്‍നിന്നും വ്യക്തികളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നുമായി ലഭിച്ചിട്ടുള്ള അപേക്ഷകരുടെ വീടുകള്‍ സമിതി നേരിട്ടു സന്ദർശിച്ചാണ് അർഹരുടെ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ 15 വീടുകള്‍ നിർമിക്കും. കുന്ദമംഗലം ആനപ്പാറ പുളിയശ്ശേരി കോളനിയിലെ മുന്നുവീടുകളുടേയും അടവളത്ത് ലക്ഷംവീട് കോളനിയിലെ രണ്ടുവീടുകളുടേയുംചെത്തുകടവിലെ രണ്ടുവീടുകളുടേയും നിർമാണപ്രവർത്തനങ്ങള്‍ തുടങ്ങി. ദയാപുരം ശൈഖ് അന്‍സാരി ഫൌണ്ടേഷന്‍ പ്രവർത്തകരുടേയും സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടേയും സാന്നിധ്യത്തില്‍ വിദ്യാർത്ഥികള്‍ കുറ്റിയടിച്ചുകൊണ്ട് നിർമാണപ്രവൃത്തികള്‍ ഉദ്ഘാടനംചെയ്തു.
കാരശ്ശേരി പഞ്ചായത്തിലെ മൂന്നുവീടുകളുടെ നിർമാണം നാളെ( ഫെബ്രുവരി 14, വ്യാഴം) തുടങ്ങും. പദ്ധതിയിലെ 35 വീടുകളും അടുത്ത ആഗസ്റ്റിനുമുമ്പ് പണിപൂർത്തിയാക്കി കുടുംബങ്ങള്‍ക്കു നല്കാന്‍ കഴിയുമെന്നും ഈ സംരംഭം ഇനിയും തുടരാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നതായി സമിതി അറിയിച്ചു.
നേരത്തേ,ദയാപുരം വാർഷികാഘോഷസമ്മേളനത്തില്‍, നിർമിക്കാനുദ്ദേശിക്കുന്ന വീടുകളുടെ മാതൃക പ്രകാശനം ചെയ്തുകൊണ്ട് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടർ കെ. എസ് അഞ്ജു, ഗൃഹനിർമാണപദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. കേരളം അതിഭീകരമായൊരു ദുരന്തത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ അതിനോടു ചേർന്നുനിന്ന് ഒരു വിദ്യാഭ്യാസസ്ഥാപനം ഒറ്റയ്ക്ക് 35 വീടുകള്‍ നിർമിച്ചുനല്കുകയെന്നത് മഹത്തായ ശ്രമവും ഔന്നത്യവുമാണെന്നും ഇതിനാവശ്യമായ സാമ്പത്തികസ്രോതസ്സ് അതിന്‍റെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും ജീവനക്കാരും പ്രവർത്തകരും അഭ്യുദയകാംക്ഷികളും മാത്രമാണെന്നത് അങ്ങേയറ്റം അഭിനന്ദനീയമാണെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെയും പാന്ഥാവിലൂടെയുമാണ് ദയാപുരം അതിവേഗം വികസനം പ്രാപിക്കുന്നതെന്നും ഇത് തികച്ചും മാതൃകാപരമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പി. ടി. എ. റഹീം എംഎല്‍എ പറഞ്ഞു. സമൂഹം വ്യത്യസ്ത ചേരികളായി തിരിഞ്ഞു പലരീതിയില്‍ പോരടിക്കുന്ന ഇക്കാലത്ത് വിവിധശ്രേണിയിലുള്ള ആളുകളെ സമന്വയിപ്പിച്ചുകൊണ്ട് മഹത്തായൊരു സംരഭത്തിനാണ്, കാലങ്ങള്‍ക്കുമുന്നേ ദീർഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ദയാപുരം തുടക്കമിട്ടതെന്നും എംഎല്‍എ കൂട്ടിച്ചേർത്തു. ചടങ്ങില്‍ എഐസിടി എക്സിക്യൂട്ടീവ് സെക്രട്ടറി കെ. കുഞ്ഞലവി സ്വാഗതം പറഞ്ഞു. ഡോ. എംഎം ബഷീർ അധ്യക്ഷനായിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബീന, എഐസിടി വൈസ് ചെയർമാന്‍ സി.പി കുഞ്ഞുമുഹമ്മദ്, പാട്രണ്‍ സി.ടി അബ്ദുറഹീം ,ഡോ. കെ ആനന്ദകുമാർ, എം.പി അബ്ദുള്‍ റസാഖ്, സി. മണികണ്ഠന്‍, പി.കെ അഹമ്മദ് കുട്ടി, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജ്യോതി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി സാബു, പ്രിയ ജാനറ്റ്, എം ജോണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു.