ദയാപുരം: ദയാപുരം വിദ്യാഭ്യാസ- സാംസ്കാരികകേന്ദ്രത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒത്തുചേരലിന്റെ സാംസ്കാരികാഘോഷമായ “ദയാപുരത്തുകാരു”ടെ രണ്ടാം എഡിഷൻ ഫെബ്രുവരി 9 ആം തീയതി ദയാപുരം ക്യാമ്പസ്സിൽ നടക്കും. പ്രഭാഷണങ്ങൾ, പദ്ധതി അവതരണം, ചർച്ചകൾ, ഫോട്ടോ-ചിത്രപ്രദർശനം, ഡോക്യുമെന്ററി-ഷോർട് ഫിലിം ഫെസ്റ്റിവൽ, പ്രദർശനം, ഡിജിറ്റൽ ഫെസ്റ്റിവൽ, ടേബിൾ ടോക്ക്, കേരളീയ കലാരൂപങ്ങളുടെ അവതരണം, സ്റ്റാളുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് “#cherisheachother” എന്ന ഹാഷ്‌ടാഗോടെ നടത്തുന്ന പരിപാടിയിൽ ഉള്ളത്.
നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടി പി. ടി. എ. റഹീം എം എൽ എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ “കേരളത്തിനായി ജീവിച്ച 35 വർഷങ്ങൾ” എന്ന പ്രളയപുനരധിവാസ-സാമൂഹ്യപുനർനിർമ്മിതി പദ്ധതിയുടെ വിശദവിവരങ്ങൾ അവതരിപ്പിക്കപ്പെടും. തുടർന്ന് “ദയാപുരവും ഇന്ത്യ എന്ന ആശയവും” എന്ന വിഷയത്തെപ്പറ്റി പ്രമുഖ പത്രപ്രവർത്തകനും “ഇന്ത്യൻ മുസ്ലിംസ് ഫോർ സെക്കുലർ ഡെമോക്രസി”യുടെ ജനറൽ സെക്രട്ടറിയുമായ ജാവേദ് ആനന്ദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടവുമായി ചേർന്ന് ദയാപുരം നടത്തുന്ന ഗൃഹ-ജീവനോപാധി നിർമാണപദ്ധതികള്‍ കോഴിക്കോട് ജില്ലാ കളക്ടർഎസ്. സാംബശിവറാവു അവതരിപ്പിക്കും. പ്രളയവുമായി ബന്ധപ്പെട്ടു നടക്കുന്ന അക്കാഡമിക് പ്രവർത്തനങ്ങളും പ്രളയബാധിതകുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പദ്ധതികളും വിശദീകരിക്കപ്പെടും.
എ.ഐ.സി.ടി ചെയർമാന്‍ പി.പി ഹൈദർ ഹാജി അധ്യക്ഷനായിരിക്കും. പാട്രണ്‍ സി. ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തും. സെക്രട്ടറി കെ. കുഞ്ഞലവി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം നന്ദിയും പറയും. തുടർന്ന് ഗസല്‍ സന്ധ്യ അരങ്ങേറും.
മറ്റന്നാള്‍(ശനി) രാവിലെ 9 മണിക്ക് മരക്കാർ ഹാളില്‍ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ത്രീ പത്രപ്രവത്തകമാരിൽ ഒരാളും ഹിന്ദു, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എന്നിവയുടെ കൺസൾറ്റൻറ് എഡിറ്ററുമായ കല്പന ശർമ്മ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 11 മുതല്‍ കോളേജ് കാംപസിലെ വിവിധവേദികളിലായി കെ.ആർ സുനിലിന്‍റെ ഫോട്ടോപ്രദർശനം, ടെറാക്കോട്ട, ക്ലേ മോഡലിംഗ് പ്രദർശനങ്ങള്‍, കെ.എല്‍ ലിയോണിന്‍റെ ചിത്രങ്ങളുടെ സ്ലൈഡ് ഷോ, ആശാ ആച്ചി ജോസഫ്, നിഷിദ സാഹിർ, സുജ പത്മജ ഫ്രാന്‍സിസ്, കെ.ജെ ജീവ എന്നിവരുടെ ഹ്രസ്വചിത്രപ്രദർശനങ്ങള്‍ എന്നിവയുണ്ടാകും.
സ്കൂളിലെ വിവിധ വേദികളില്‍ പുസ്തകമേള, ഡിജിറ്റല്‍ഫെസ്റ്റ്, എന്‍ഐടി വിദ്യാർത്ഥികളുടെ റോബോട്ടിക് പ്രദർശനം, പ്രളയകാലചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രദർശനം തുടങ്ങിയവ ഡോ. നാണു നെല്ലിയോറ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ലൈബ്രറിയില്‍ പ്ലാസ്റ്റിക് വേസ്റ്റില്‍നിന്ന് കുക്കിംഗ് ഗ്യാസ് നിർമാണം എന്നവിഷയത്തില്‍ ടേബ്ള്‍ ടോക് കോഴിക്കോട് എന്‍ഐടി രസതന്ത്രവിഭാഗം അധ്യാപിക ഡോ. ലിസ ശ്രീജിത്ത് നയിക്കും.
സലിം ഹാള്‍, ഫാറൂഖ് ഹാള്‍, പച്ചക്കറിത്തോട്ടം എന്നിവിടങ്ങളിലായി കാർഷികപ്രദർശനങ്ങള്‍, അക്വാപോണിക്സ് കൃഷിരീതി, വിവിധചർച്ചകള്‍, വയനാട് നാട്ടുകൂട്ടം നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന ഗോത്രഗാഥ, മലപ്പുറം ഗസല്‍ മ്യൂസിക്കല്‍ ഗ്രൂപ്പിന്‍റെ മാപ്പിളകലകള്‍, നരിക്കുനി സന്ധ്യാ പ്രിയേഷിന്‍റെ ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ നടക്കും. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ വിനോദ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടുമുതല്‍ 5.30 വരെ സുല്‍ത്താന്‍ അലി സ്റ്റേഡിയത്തില്‍ കേരളകലകള്‍, സംസ്കാരം എന്നിവ ആസ്പദമാക്കി ദയാപുരം സ്കൂള്‍, നഴ്സറി വിദ്യാർത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.