കുന്ദമംഗലം:വിദ്യാഭ്യാസ രംഗത്തിന്റെ സമ്പൂര്‍ണമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് സമ്പൂര്‍ണ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കുന്നമംഗലം നിയോജക മണ്ഡലത്തിലെ പടനിലം ജിഎല്‍പി സ്‌കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയുമുള്ള അറിവ് കുട്ടികള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 45,000 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി. അടുത്ത വര്‍ഷം കിഫ്ബി വഴി 300 കോടി ചെലവഴിച്ച് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ ഹൈടെക് ലാബുകളാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ നിലനിര്‍ത്തികൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൈകോര്‍ത്തതിന്റെ ഭാഗമാണ് പടനിലത്ത് സ്‌കൂളിനായി സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനും പിന്നിലെന്നും മന്ത്രി പറഞ്ഞു.
പരിമിതമായ സൗകര്യങ്ങളില്‍ ദേശീയപാതയോരത്തെ വാടക കെട്ടിടത്തിലായിരുന്നു പടനിലം ജിഎല്‍പി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍ വികസന സമിതിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 12 സെന്റ് സ്ഥലം വാങ്ങിയത്. ഇതില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 87 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ടി കെ ഹിതേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ, ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആസിഫ റഷീദ്, ടി കെ സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സി ബുഷ്‌റ, ഷാജി പുല്‍ക്കുന്നുമ്മല്‍, പി പവിത്രന്‍, ബഷീര്‍ പടാളിയില്‍, വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ ശ്രീധരന്‍, എ എം അബ്ദുല്‍ഖാദര്‍, പ്രവീണ്‍ പുതുക്കുടി, എം ബാലസുബ്രഹ്മണ്യന്‍, ജാബിര്‍ പടനിലം, കെ ഷജിത, എ പ്രിയങ്ക, ഒ പി ഹസന്‍കോയ, ടി വി മൂസക്കോയ മാസ്റ്റര്‍, എം സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ സ്വാഗതവും പ്രധാനധ്യാപകന്‍ സി കെ സിദ്ദിഖ് നന്ദിയും പറഞ്ഞു.