തിരുവനന്തപുരം • പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അർധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ്)യെ മണിക്കൂറുകൾക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെൽ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി.