കുന്ദമംഗലം: പൂതക്കണ്ടിറോഡിലെ എളമ്പിലാശ്ശേരി ജംഗ്ഷനിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങളും സിമന്റ് സ്തൂപങ്ങളും ബോർഡുകളും തോരണങ്ങളും നീക്കി കുന്ദമംഗലം പോലീസ് ശുദ്ധികലശം നടത്തി. രാത്രികാലങ്ങളിൽ ഇവിടെ ചിലർ സംഘമായി ഇരുന്ന് വിശ്രമിക്കാറുണ്ടായിരുന്ന പന്തലുകളും ജെ.സി.ബിയുടെ സഹായത്തോടെ പോലീസ് പൊളിച്ചുനീക്കി.കഴിഞ്ഞ ദിവസം രാത്രി ഡി.വൈ.എഫ്.ഐയുടെ സിമന്റിൽ സ്ഥാപിച്ച കൊടിമരം ചിലർ നശിപ്പിച്ചിരുന്നു. ഇതേതുടർന്ന് സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് കുന്ദമംഗലം പോലീസിന്റെ നടപടി. വളരെ വീതികുറഞ്ഞ ഈ ജംഗ്ഷനിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സിമന്റ് തറകളുള്ള കൊടിമരങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഇരുട്ടിന്റെ മറവിൽ കൊടിമരങ്ങൾ നശിപ്പിക്കുന്നത് ഇവിടെ പതിവായിരുന്നു. ജംഗ്ഷനിൽ പൊതുസ്ഥലത്ത് ഒരു പാർട്ടിയുടെയും കൊടിമരങ്ങളോ നിർമ്മാണങ്ങളോ സ്ഥാപിക്കരുതെന്നാണ് പോലീസ് നിഷ്കർഷിച്ചിട്ടുള്ളത്. കുന്ദമംഗലം പോലീസിന്റെ ഈ ധീരമായ നടപടി അവസരോചിതമായെന്നാണ് ഇവിടുത്തുകാരുടെ അഭിപ്രായം.