കുന്ദമംഗലം: എൻ.ഐ.ടി അഗസ്ത്യൻമൂഴി റോഡ് റബറൈസ് ചെയ്ത് നന്നാക്കുന്നതിന് നടപടിയായി. ഈ പ്രവൃത്തിക്ക് 14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രവൃത്തി നടത്തുന്നത് സംബന്ധിച്ച പ്രാഥമിക പരിശോധന നടത്തി. പൊതുമരാമത്ത് റോഡ് വിഭാഗം, നാഷനൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ടവർ റോഡിൽ നടത്തേണ്ട പ്രവൃത്തികൾ സംബന്ധിച്ച് ചർച്ച നടത്തി.
വെളളക്കെട്ടുള്ളയിടങ്ങൾ ഉയർത്തുന്നതിനും റോഡിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്നും ആവശ്യമായ രീതിയിൽ വിശദ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.
പി.ടി.എ റഹീം എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ വളപ്പിൽ, കെ.എസ് ബീന, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ രമേശൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.വി. ബൈജു, ഷാജി കുനിയിൽ, എ. പ്രസാദ്, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ എം.സി വിനുകുമാർ, നാഷനൽ ഹൈവേ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബി ബൈജു, അസി. എഞ്ചിനീയർ കെ. തുഷാര സംബന്ധിച്ചു.