ദയാപുരം: സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്ന നല്ല പൌരന്മാരെ വാർത്തെടുക്കുന്നതില്‍ കളിക്കളങ്ങള്‍ക്കുള്ള പങ്ക് നിസ്സീമമാണെന്ന് മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും അന്താരാഷ്ട്ര കളിക്കാരനുമായ കിഷോർ കുമാർ. ശാരീരികക്ഷമതയ്ക്കൊപ്പംതന്നെ അച്ചടക്കം, പരസ്പരബഹുമാനം, വിട്ടുവീഴ്ച തുടങ്ങിയ മൂല്യങ്ങള്‍ സ്വയമേവ സ്വായത്തമാക്കുന്ന പരിശീലനകളരിയാണ് കളിക്കളങ്ങള്‍. കായികരംഗത്ത് പരിശീലനം ലഭിച്ചവരോ കളിക്കാരോ ഒന്നും ഏതെങ്കിലും തരത്തിലുള്ള വിധ്വംസകപ്രവർത്തനങ്ങളിലോ സാമൂഹികവിരുദ്ധകൃത്യങ്ങളിലോ ഏർപ്പെടുന്നതായി കാണുന്നില്ല എന്നതുതന്നെ ഇതിനു തെളിവെന്നും അദ്ദേഹം പറഞ്ഞു. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ രണ്ടുദിവസത്തെ വാർഷിക കായികമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
വൈകുന്നേരങ്ങളില്‍ ശാരീരികക്ഷമത ആവശ്യമുള്ള കളികളിലോ വിനോദങ്ങളിലോ ഏർപ്പെടുന്ന കുട്ടികള്‍ക്ക് രാത്രി പത്തുമണിക്കുശേഷം വിശ്രമം ശരീരംതന്നെ നിർബന്ധമാക്കുന്നതിനാല്‍, ബ്ലൂ വെയില്‍ പോലുള്ള അപകടകരമായ കളികളിലും ഇന്‍റർനെറ്റിന്‍റെ മറ്റു ചതിക്കുഴികളിലും പെടാതെ ആരോഗ്യകരമായ ജീവിതം സാധ്യമാവുന്നു എന്നത് രക്ഷിതാക്കള്‍ ഗൌരവത്തോടെ മനസ്സിലാക്കണമെന്നും താരം കൂട്ടിച്ചേർത്തു.
സ്കൂള്‍ ഗ്രൌണ്ടില്‍ ദീപശിഖാ പ്രയാണത്തോടെ തുടങ്ങിയ ഉദ്ഘാടനചടങ്ങില്‍ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിന് മുഖ്യാതിഥി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് വിവിധ ഹൌസുകളുടെ മാസ്സ് ഡ്രില്‍ അരങ്ങേറി. കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയോഷന്‍ ട്രഷററും ദയാപുരം ശൈഖ് അന്‍സാരി ഫൌണ്ടേഷന്‍ സെക്രട്ടറിയുമായ പി.കെ അഹമ്മദ് കുട്ടി സിന്ദൂർ, ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി, വൈസ് പ്രിന്‍സിപ്പല്‍ കെ. മുരളീധരന്‍, അഡ്മിനിസ്ട്രേറ്റർ കെ. കുഞ്ഞോയി, തുടങ്ങിയവർ പങ്കെടുത്തു. സ്കൂള്‍ പാർലിമെന്റ് കായികക്ഷേമ വകുപ്പു മന്ത്രി മുഹമ്മദ് ഷാദ് താരങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.