മെഡിക്കൽ കോളേജ്: നഗരസഭ ഈയിടെ മുതലക്കുളം മൈതാനം, ടാഗോർ ഹാൾ, കണ്ടംകുളം ജൂബിലി ഹാൾ തുടങ്ങി വിവിധ സ്ഥലങ്ങൾക്കും ഹാളുകൾക്കും ഇരട്ടി വാടക വർദ്ധനവ് നടപ്പിലാക്കി തീരുമാനമെടുത്തപ്പോൾ നഗരസഭയുടെ കീഴിലുള്ള മെഡിക്കൽ കൊളെജിലെ റസ്റ്റ് ഹൗസ് കെട്ടിടം ശ്രദ്ധിക്കപ്പെടാതെ പോയത് പരാതിക്കിടയാക്കുന്നു. ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നാമമാത്ര വാടക നൽകി പായ വിരിച്ച് അന്തി ഉറങ്ങുന്ന സൗകര്യത്തോടെയും മെഡിക്കൽ കൊളെജ് പരിസരത്തെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ വിവിധങ്ങളായ സംഘടനകൾക്ക് യോഗങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്നതിന് ചെറിയ തോതിലുള്ള വാടക നൽകി ഉപയോഗിക്കാവുന്ന മിനി ഓഡിറ്റോറിയവും കുറഞ്ഞ നിരക്കിൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പ്രത്യേക മുറികളും സജ്ജീകരിച്ചാണ് നഗരസഭ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഏതാനും വർഷം ഗുണഭോക്താക്കളായ പൊതുജനങ്ങൾ ഹാളും മുറികളും ഉപയോഗപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോൾ സ്വകാര്യ വ്യക്തികൾ ഇതെല്ലാം കയ്യടക്കി വിവിധങ്ങളായ കച്ചവടങ്ങൾ നടത്തുകയാണ്. കെട്ടിടത്തിന്റെ വരാന്തകളിൽ പോലും വളച്ചുകെട്ടി അനധികൃതമായ രീതിയിൽ ചില സ്ഥാപനങ്ങൾ നടത്തി വരുന്നുമുണ്ട്.യോഗങ്ങൾ ചേർന്നിരുന്ന ഹാളിൽ വിറകും മറ്റ് മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കയാണ്.ഈ കെട്ടിടത്തിൽ നഗരസഭയുടെതായി ഒരു മുറിയിൽ ഹെൽത്ത് സർക്കിൾ ഓഫീസ് ഉണ്ടെന്നതൊഴിച്ചാൽ ബാക്കി വരുന്ന മുഴുവൻ സ്ഥലങ്ങളും ബിനാമി അടിസ്ഥാനത്തിൽ വ്യാപാരങ്ങൾ നടത്തിവരികയാണ്. മുറികൾ ഏറ്റെടുത്തത് മുതൽ ആരും ഇതുവരെ ഒഴിഞ്ഞു കൊടുക്കുകയോ കാലാനുസൃതമായി മാനദണ്ഡങ്ങൾ പാലിച്ച് പരസ്യ ലേലത്തിലൂടെ വാടക പുതുക്കി നൽകുകയോ ചെയ്യുന്നില്ല. ആശുപത്രിയിലെത്തുന്നവരടക്കമുള്ള പൊതു സമൂഹത്തിന് ഉപകാരപ്പെടണമെന്ന ഉദ്യേശത്തോടെ നഗരസഭ നിർമ്മിച്ച കെട്ടിടം ഇപ്പോൾ നഗരസഭയുടെതാണെന്ന് പോലും പലർക്കും അറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കെട്ടിടത്തിന്റെ അകത്തളത്തിൽ നല്ല രീതിയിലുള്ള പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും അതെല്ലാം കച്ചവടക്കാർ കൈയ്യടക്കി വെച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി കെട്ടിടത്തിലേക്ക് വരുന്നവർക്ക് തിരക്കേറിയ റോഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്.മലബാറിലെ പ്രധാന ചികിത്സാകേന്ദ്രത്തിന്റെ പ്രധാന കവാടത്തിന് അഭിമുഖമായി നിർമ്മിച്ച ഈ കെട്ടിടം വികസിപ്പിക്കുന്നതിനും അതുവഴി നഗരസഭയുടെ റവന്യൂ വരുമാനം വർദ്ധിപ്പിക്കാനും സാഹചര്യമുണ്ടെന്നിരിക്കെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സംബന്ധിച്ച ഫയൽ പോലും നഗരസഭാ ഓഫീസിൽ ലഭ്യമല്ല എന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിച്ചതെന്ന് ഒരു സന്നദ്ധ പ്രവർത്തകൻ പറയുന്നു.പൊതു ജനങ്ങളുടെ സർഗാത്മകതക്ക് ആക്കം കൂട്ടുന്നതിന്ന് വേണ്ടിയുള്ള കാര്യങ്ങൾ പഞ്ചായത്തീരാജ് നിയമ പ്രകാരം ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന കടമയാണെന്നിരിക്കെ മൈതാനങ്ങളും ഹാളുകൾക്കും വാടക കുത്തനെ വർദ്ധിപ്പിക്കുകയും മെഡിക്കൽ കൊളെജ് ജംഗ്ഷൻ പോലത്തൊരു കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൗസ് അനാഥാവസ്ഥയിൽ ആക്കിയിടുകയും ചെയ്ത നഗരസഭയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.