യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താൻ ഇനി ദിവസങ്ങൾ മാത്രം . ഈ യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് ഞങ്ങളോരോരുത്തർക്കും. അതിനേക്കാൾ വലിയ ജീവിത പാഠവും. വളാഞ്ചേരി മർക്കസിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയ സൗഹൃദം ജീവിതയാത്രക്കിടയിലെപ്പോഴും സൂക്ഷിച്ചെങ്കിലും മുനവ്വറലി തങ്ങൾക്കൊപ്പം ഇത്രയും ദിവസം ഒരുമിച്ച് താമസിക്കാൻ അവസരം ലഭിച്ചത് യുവജന യാത്രയിലാണ്. ഒരു വ്യക്തിയെ അടുത്തറിയാൻ നിങ്ങൾ അയാൾക്കൊപ്പം യാത്ര ചെയ്യണമെന്ന നബിവചനത്തിന് അടിവരയിടുകയാണെങ്കിൽ സംശയലേശമന്യെ പറയാം മുനവ്വറലി തങ്ങൾ ഇക്കാര്യത്തിൽ ഒരൽഭുതമാണ്. കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ച് രാത്രി കിടക്കാൻ ഒരു സ്ഥലമന്വേഷിക്കുമ്പോഴും ജാഥയിൽ കൂടെ വരുന്ന ബാന്റ് വാദ്യക്കാരുടെയും സാധാരണ ജീവനക്കാരുടെയും വളണ്ടിയർമാരുടെയും താമസമൊരുക്കിക്കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്താതെ ഒരു ദിവസം പോലും തങ്ങൾ ഉറങ്ങിയിട്ടില്ല. ഭാരവാഹികൾ ഉൾപ്പെടെ ഇരുന്നോറോളം പേർ സ്ഥിരാംഗങ്ങളായ ഈ ജാഥയിൽ താമസ സൗകര്യമൊരുക്കുകയെന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. സംഘാടകരുടെ ഏറ്റവും വലിയ തലവേദനയും ഇത് തന്നെയാണ്. എന്നാൽ ഓരോ ദിവസവും തങ്ങളുടെ ആധി ഞങ്ങളോടൊപ്പമുള്ള സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചായിരുന്നു. ഈ യാത്രയിൽ ഇത്രയും കിലോമീറ്റർ ദൂരം നടന്ന് തീർക്കാനുള്ള ഊർജ്ജവും ഞങ്ങളുടെ ക്യാപ്റ്റൻ തന്നെയായിരുന്നു. വ്യക്തിപരമായ ഒരു അസൗകര്യവും അദ്ദേഹത്തെ ബാധിച്ചില്ല. യാത്രയിലുടനീളം ഓരോ അംഗത്തിനും പരമാവധി പരിഗണന നൽകി എല്ലാവരെയും ആദരിച്ച് ,സ്നേഹത്താൽ മൂടി പ്രചോദിപ്പിച്ച് മുന്നേറിയ ദിവസങ്ങൾ. രണ്ട് കാര്യങ്ങളാണ് അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചത്. ഒന്ന് ജാഥയെ വരവേൽക്കാൻ വന്ന ഓരോ കുട്ടിയെയും അദ്ദേഹം നേരിട്ട് കാണാൻ ശ്രമിച്ചു. കൈക്കുഞ്ഞുങ്ങൾ മുതൽ വിദ്യാർത്ഥികൾ വരെ. അവർക്ക് സ്നേഹ ചുംബനം നൽകിയും ഹസ്തദാനം ചെയ്തും ചേർത്ത് നിർത്തിയും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓരോ ഓർമ്മകൾ നൽകിയാണ് അവരെ തിരിച്ചയച്ചത്. രണ്ട്, സമൂഹത്തിലെ ദുർബലരും അവശരും രോഗികളുമായ മനുഷ്യർക്ക് നൽകിയ അതിശയകരമായ പരിഗണന. അവരാരും മുനവ്വർ തങ്ങളുടെ സ്നേഹമറിയാതെ മറഞ്ഞ് പോയില്ല. പാർട്ടി നേതാക്കൾക്കിടയിലും കണ്ണിൽ നക്ഷത്രത്തിളക്കവുമായി കാത്ത് നിന്ന ആ സാധാരണക്കാരെ തങ്ങൾ ആശ്ലേഷിച്ചും നെഞ്ചോട് ചേർത്ത് നിർത്തിയും ആദരിക്കാൻ മറന്നില്ല. യാത്രക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹം പരിഭവം പറഞ്ഞില്ല. ഒരു പോരായ്മയും തളർത്തിയില്ല. ഒരു ദിവസം പോലും മാറി നിന്നില്ല. ഈ ദൂരമത്രയും തനിക്ക് സഹപ്രവർത്തകർക്കൊപ്പമുണ്ടാകണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നും ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു. ജാഥയിലെ ജീവനക്കാർക്കും സഹപ്രവർത്തകർക്കുമൊപ്പം. ഒരിക്കലും തനിക്ക് പ്രത്യേക പരിഗണന അദ്ദേഹം അനുവദിച്ചില്ല. പാണക്കാട് കുടുംബത്തിന്റെ കുലീനതയും ലാളിത്യവും ഇടപഴകലിലൂടെ ഞങ്ങളോരോരുത്തരെയും പഠിപ്പിച്ചു. ഓരോ സങ്കടക്കഥകളുമായി വന്നവരുടെ ജീവിത പ്രശ്നങ്ങൾ പ്രത്യേകമായി നോട്ട് ചെയ്ത് വച്ചു. നിവേദനങ്ങൾ കരുതലോടെ എടുത്ത് വച്ചു. ഓരോ രാത്രിയും ഒറ്റക്കാവുമ്പോൾ അവരുടെ ദുരിത ജീവിതത്തിന്റെ സങ്കടങ്ങളെക്കുറിച്ച് സംസാരിച്ചു. ഡൗൺ ടു എർത്ത് എന്ന വാക്കിന് മലയാളത്തിൽ ഒരു പര്യായ പദമുണ്ടെങ്കിൽ ആദ്യമെഴുതുന്ന പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെന്ന് തന്നെയാവും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ച ആ രാത്രി ഞാൻ ചന്ദ്രികയിൽ ഡസ്ക് ചീഫായിരുന്നു. അന്നത്തെ പത്രം തയ്യാറാക്കുന്നതനു പുറമെ മുഖപ്രസംഗം എഴുതാനുള്ള ചുമതലയും എനിക്കായിരുന്നു. ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇന്നുമോർക്കുന്നു. ‘ഞങ്ങൾ അനാഥരായി’. വർഷങ്ങൾ പിന്നിട്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ പുത്രനോടൊപ്പം യുവജന യാത്രയിൽ അണിനിരക്കുമ്പോൾ ഞങ്ങളോരോരുത്തരും തിരിച്ചറിയുന്നു. ഞങ്ങൾ അനാഥരല്ല.പിതാവിന്റെ നന്മകളെല്ലാം നാടിനു വേണ്ടി കാത്ത് വെച്ച ഒരു മകൻ ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ വീണ്ടും സനാഥരായിരിക്കുന്നു. അൽ ഹംദുലില്ലാഹ്!!!