കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസ് ബോയ്സ് ബോയ്സ് ഹൈസ്‌കൂളിലെ യുപി വിഭാഗം വിദ്യാര്‍ഥികള്‍ തനി നാടന്‍ വിഭവങ്ങളുമായി ജൈവഭക്ഷ്യമേള നടത്തിയത് മുതിര്‍ന്നവര്‍ക്കും മാതൃകയായി. പച്ചടി, തോരന്‍, അച്ചാര്‍, ജാം, ദാഹശമനി, എന്നിവയുടെ ന്യൂജനറേഷന് പരിചിതമല്ലാത്ത പേരുകളിലുള്ള അതിശയിപ്പിക്കുന്ന വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ മേളയില്‍ ഒരുക്കിയത്. കൊടങ്ങല്‍, തഴുതാമ, മുരിങ്ങയില, വാഴപ്പൂ, ചേമ്പില, വാഴക്കൂമ്പ്, വഴുതന, ചക്ക, മത്തയില, ചക്കക്കുരു, ഓമയ്ക്ക, കോവയില, വേലിച്ചീര, സാമ്പാര്‍ ചീര എന്നിവയുടെ തോരനുകളും, ചെമ്പരത്തി, പൈനാപ്പിള്‍ ജൂസുകളും, പുളി, പിണ്ടി, ഓമയ്ക്ക, ഈന്തപ്പഴം, കാരറ്റ്, പൈനാപ്പിള്‍, പച്ചമുളക്, തക്കാളി, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെ അച്ചാറുകള്‍, ലക്ഷ്മിതരു, പനിക്കൂര്‍ക്ക തുടങ്ങി വിവിധ തരം ഭക്ഷ്യ വസ്തുക്കള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളുടെ സ്വന്തം പറമ്പില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും ഉണ്ടാക്കിയത്. ഔഷധ ഗുണമുള്ള ഓരോ വിഭവങ്ങളും കഴിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളും മേളയില്‍ വിദ്യാര്‍ഥികള്‍ വിവരിച്ചു നല്‍കി. വിഷമയമില്ലാത്ത നാടന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുവാനും വീടുകളില്‍ സ്വന്തം കൃഷിതോട്ടം ഉണ്ടാക്കുവാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനുമായാണ് ഫുഡ് ഫെസ്റ്റിവല്‍ നടത്തിയതെന്ന് പ്രധാനധ്യാപകന്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനം മര്‍ക്കസ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള, അബ്ദുല്‍ കലാം, ബാദുഷ സഖാഫി എന്നിവര്‍ സംസാരിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ നൗഫല്‍ സ്വാഗതവും അബ്ദുല്‍ സലീം സഖാഫി നന്ദിയും പറഞ്ഞു.
കാരന്തൂര്‍ മര്‍ക്കസ് ബോയ്സ് ബോയ്സ് ഹൈസ്‌കൂളിലെ യുപി വിഭാഗം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഭക്ഷ്യ മേള മര്‍ക്കസ് ചാന്‍സലര്‍ ഡോക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു