ഹബീബ് കാരന്തൂർ
മാവൂർ: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ഒക്ടോബർ 26 ന് മാവൂരിൽ തുടക്കം ആകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നാലിന് പ്രകടനത്തോടുകൂടി ആരംഭിക്കുന്ന ജില്ലാ സമ്മേളനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തുന്നു.
27 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഗഫൂർ പി ലീലീസ് ഉദ്ഘാടനം നിർവ്വഹിക്കും. പ്രവാസികൾക്ക് പെൻഷൻ എന്ന ആശയം യാഥാർത്ഥ്യമായത് കേരള പ്രവാസി സംഘത്തിന്റെ സമരത്തിൻ്റെ ഫലമായിട്ടാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസികളുടെ നിരവധിയായ ആവശ്യങ്ങൾക്ക്, അത് നേടിയെടുക്കുന്നതിനും പ്രവാസികളുടെ ശബ്ദമായി മാറാൻ കേരള പ്രവാസി സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സമ്മേളന സ്വാഗതസംഘം ചെയർമാൻ ഓളിക്കൽ ഗഫൂർ, ജില്ലാ വൈസ് പ്രസിഡന്റ് പി. രവീന്ദ്രൻ, ഏരിയ പ്രസിഡന്റ് വിച്ചാവ മാവൂർ, മേഖല സെക്രട്ടറി പി കെ സുനിൽകുമാർ, പ്രസിഡൻറ് ഒ.കെ. രാമദാസ് എന്നിവർ പങ്കെടുത്തു.
