ഹബീബ് കാരന്തൂർ
കുന്ദമംഗലം : പടനിലം സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ(24-10-2025) വെള്ളി വൈകീട്ട് 3 മണിക്ക് നിർവ്വഹിക്കും
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് ആധുനിക സംവിധാനങ്ങളോടെ ഒരുക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (24-10-2025) വെള്ളി വൈകീട്ട് 3 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരണത്തിനുള്ള ഫണ്ട് ലഭ്യമാക്കിയത്. 1.15 കോടി രൂപ ചെലവ് വരുന്ന സ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് 50 ലക്ഷം രൂപ സംസ്ഥാന കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കുന്നമംഗലം ഗ്രാമപഞ്ചായത്തും 5 ലക്ഷം രൂപ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുമാണ് വകയിരുത്തിയത്. പടനിലം ഗവ. എൽ.പി സ്കൂളിനടുത്ത് പൂനൂർ പുഴയുടെ തീരത്ത് കണ്ടെത്തിയ രണ്ട് ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ സ്മാരക സ്റ്റേഡിയം എന്ന് പേരിട്ട പ്രസ്തുത പദ്ധതി പൂർത്തിയാവുന്നതോടെ പടനിലം കോഴിക്കോട് ജില്ലയിലെ മികച്ച കായിക കേന്ദ്രങ്ങളിലൊന്നായി മാറും.

