കുന്ദമംഗലം പഞ്ചായത്ത് ഭിന്നശേശി ഗ്രാമസഭ; പ്രഹസനമെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്
കുന്ദമംഗലം: ഭിന്നശേഷിക്കാർക്ക് വേണ്ടി 2019 -20 വർഷം പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ഗ്രാമസഭ പ്രഹസനമാണെന്ന പരാതിയുമായി രക്ഷിതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത്. ഗ്രാമസഭ നടക്കുന്ന വിവരം ഭിന്നശേശിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന പരാതിയുമായി രക്ഷിതാക്കളും ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നസാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, കെസി അബ്ദുല്‍ സലാം, പി ഗിരീശന്‍, ജിംഷിത്, അബ്ദുല്‍ റസാഖ്, രക്ഷിതാക്കളായ സുബൈദ, പ്രസീന എന്നിവരടങ്ങുന്ന നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. ഗ്രാമസഭയില്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ട ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ പോലും പങ്കെടുക്കാതെയാണ് ഗ്രാമസഭ സംഘടിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ആബിദ തുടങ്ങിയവര്‍ പ്രതിഷേധക്കാരുമായി സംസാരിച്ച് ഗ്രാമസഭയില്‍ പങ്കെടുക്കാത്ത ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ ഭരണ സമിതി യോഗത്തില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.