കുന്നമംഗലം: ഉത്തരാഖണ്ഡിൽ നടന്ന 38 മത് ദേശീയ ഗെയിംസിൽ മോഡേൺ പെൻ്റാത്തലണിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തി ആയിശ ഹിബ. മിക്സഡ് റിലെയിൽ ആറാം സ്ഥാനം നേടിയാണ് കേരളത്തിന് അഭിമാനമായത്. ഒളിമ്പിക് ഇനമായ മോഡേൺ പെൻ്റാത്തലോൺ പണ്ടുമുതലേ ലോകത്ത് നിലവിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ അത്ര കണ്ട് ജനപ്രീതിയില്ലാത്ത കായിക ഇനമാണ്. ചക്കാലക്കൽ എച്ച് എസ് എസ് സ്പോർട്സ് അക്കാദമി താരമായ ഹിബ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം നടത്തുന്ന കരുത്തരായ ഹരിയാന, ചത്തീസ്ഗഡ് ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എതിരാളികളോട് ഏറ്റുമുട്ടിയാണ് മടവൂർ സ്വദേശി പതിനാറുകാരി കരുത്ത് തെളിയിച്ചത്. ഫെൻസിങ്, ഫ്രീ സ്റ്റൈലിൽ നീന്തൽ, കുതിരസവാരി, പിസ്റ്റൾ ഷൂട്ടിംഗ്, ക്രോസ് കൺട്രി ഓട്ടം എന്നീ അഞ്ചു ഇനങ്ങൾ ഉൾപ്പെടുന്നതാണ് മോഡേൺ പെൻ്റാത്തലൺ. രണ്ടുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആയിശ ഹിബ റഗ്ബി താരവും കൂടിയാണ്. പി രാജീവ് , റിയാസ് അടിവാരം തുടങ്ങിയവരുടെ കീഴിലാണ് പരിശീലിക്കുന്നത്. ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിൽ നിന്നും ഇത്തവണത്തെ ദേശീയ ഗെയിംസിൽ ആയിശ ഹിബ ഉൾപ്പെടെ നാല് താരങ്ങൾ പങ്കെടുത്തിരുന്നു.
