കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് ഓഫീസ് നവീകരണത്തിൻ്റെ ഭാഗമായി ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി ഫയലുകൾ മൂത്രപുരക്ക് അകത്തും പുറത്തും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴായ്ച്ച രാവിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനിൽ എത്തിയ യാത്രക്കാരും ഓട്ടോ യാത്രക്കാരുമാണ് കവാടത്തിന് സമീപം പ്ലാസ്റ്റിക്ക് ചാക്കിലാക്കി നിറച്ച നിലയിലും ഫയലുകൾ കണ്ടത്തിയത്. ബിൽഡിംഗ് പെർമിറ്റ്, വിവാഹ സർട്ടിഫിക്കറ്റ് ,ആധാരത്തിൻ്റെ കോപ്പികൾ, ഐഡി കാർഡ് കോപ്പികൾ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, നികുതിയടച്ച റസീറ്റ് ബുക്ക് തുടങ്ങിയ പുതിയ നിരവധി ഫയലുകൾ കൂട്ടിയിട്ടതിൽ നിന്നും കണ്ടെടുത്തു , കംഫർട്ട് സ്റ്റേഷൻ നടത്തിപ്പിന് വിളിച്ചെടുത്ത അതിഥി തൊഴിലാളിയാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ സൂക്ഷിച്ച ഫയൽ ഇവിടെ കൊണ്ടിട്ടത്. പലരുടെയും വിലപ്പെട്ട രേഖകൾ അലക്ഷ്യമായി പുറത്തെക്ക് മാറ്റാൻ അനുമതി നൽകിയ സെക്രട്ടറിക്കും, ബന്ധപ്പെട്ട മറ്റുള്ളവർക്കെതിരിലും രാഷ്ട്രീയമായും, നിയമപരമായും മുന്നോട്ട് പോകുമെന്ന് യുഡിഎഫ് പഞ്ചായത്ത് ഭാരവാഹികളായ എം പി അശോകൻ, എം ബാബുമോൻ, വിനോദ് പടനിലം, ഒ ഉസൈൻ എന്നിവർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ കുന്ദമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
