
അബ്ദുൽ ജബ്ബാർ മാവൂർ
മാവൂർ : കഴിഞ്ഞ തവണ വെറും 2 പോയൻ്റിന് കയ്യിൽ നിന്നും വഴുതി പോയ കിരീടം വീണ്ടെടുത്ത്
കോഴിക്കോട് റവന്യൂ ജില്ലാ അറബിക് അധ്യാപക കലാ സാഹിത്യ മത്സരത്തിൽ ഫറോക്ക് സബ്ജില്ല വിജയികളായി.
കോഴിക്കോട് സിറ്റിയും, പേരാമ്പ്രയും സംയുക്തമായായിരുന്നു കഴിഞ്ഞതവണ കിരീടം ചൂടിയിരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ മാവൂർ ജി എം യു പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ
112 പോയിൻ്റുകൾ നേടിയാണ് ഫറോക്ക് സബ് ജില്ല ഒന്നാം
സ്ഥാനം തിരിച്ചുപിടിച്ചത്. നഷ്ടപ്രതാപം വീണ്ടെടുക്കാൻ എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടിയാണ് ഫറോക്ക് സബ്ജില്ല എത്തിയതും.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിയും കെ എ ടി എഫിന്റെ സംസ്ഥാന നേതാവായിരുന്ന എൻ കെ അബൂബക്കർ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫിയും ഫറോക്ക് സബ്ജില്ല
റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.
99 പോയിൻ്റുകളോടെ കൊടുവള്ളി സബ്ജില്ല രണ്ടാം സ്ഥാനവും 91 പോയൻ്റുകൾ നേടി കുന്നുമ്മൽ സബ് ജില്ല മൂന്നാം സ്ഥാനവും നേടി ജേതാക്കളായി.
മത്സരത്തിൽ ജില്ലയിലെ 17 സബ് ജില്ലകളും പങ്കെടുത്തു.
കടുത്ത പോരാട്ടവും മികച്ച നിലവാരവും കൊണ്ട് 16 ഇന മത്സരയിനങ്ങൾ ശ്രദ്ധേയമായിരുന്നു.
ഒന്നാം സ്ഥാനം നേടിയവർ ഫെബ്രുവരി ആദ്യവാരം പാലക്കാട്ട് വെച്ച് നടക്കുന്ന സംസ്ഥാന അധ്യാപക ഫെസ്റ്റിൽ പങ്കെടുക്കും.
വിജയികൾക്ക് യഥാക്രമം റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടിയും ഗ്രാമപഞ്ചായത്ത് അംഗം എ.പി. മോഹൻദാസും കോഴിക്കോട് റവന്യൂ ജില്ലാ അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ഉമ്മർ ചെറൂപ്പയും ഓവറോൾ ട്രോഫികൾ സമ്മാനിച്ചു.
സമാപന ചടങ്ങിൽ പി.ടി.എ.കമ്മിറ്റി പ്രസിഡണ്ട് കെ. ഉസ്മാൻ അദ്ധ്യക്ഷതവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ എം. മുഹമ്മദ്, സലാം കാവുങ്ങൽ, ഐ.സൽമാൻ,പി. ഷാഹിദുൽ ഹഖ്,ഒ.എം. നൗഷാദ്, കെ.വി. ഫിറോസ് ബാബു, പി.പി.മുഹമ്മദ് നിയാസ്, എം.കെ.എ റസാഖ്, കെ.കെ. യാസിർ, ടി.പി.നജ്മുദ്ദീൻ, കെ ഷമീർ, കെ.അബ്ദുൽ ലത്തിഫ് , എ.അബ്ദുൽ റഹിം, എം.മുഹമ്മദ് യാസീൻ എന്നിവർ സംബന്ധിച്ചു.
