കുന്ദമംഗലം : സിപിഐ എം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പാലസ്തീൻ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്ത് ഇരുചക്രവാഹനത്തിൽ തിരിച്ചു വരുന്നതിനിടയിൽ സിപിഐ എം
ചൂലൂർ ലോക്കൽ കമ്മിറ്റി അംഗം ബസിനടിയിൽപ്പെട്ട് മരിച്ചു.
ചൂലൂർ കുറ്റിച്ചാമക്കൽ കെ സി ഗംഗാധരൻ (73) ആണ് ശരീരത്തിൽ ബസ് കയറിയിറങ്ങി മരിച്ചത്. ദേശാഭിമാനി വെള്ളലശ്ശേരി ഏജൻ്റ് ആണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്റ്റേഡിയം ജംങ്ങ്ഷനിലാണ് അപകടം. സിഗ്നൽ കഴിഞ്ഞ് വാഹനം മുന്നോട്ട് നീങ്ങുന്നതിനിടയിൽ ബസ് തട്ടി ഇരുചക്രവാഹനത്തിൽ നിന്ന് ബസിനടിയിലേക്ക് വീഴുകയായിരുന്നു. നല്ല മഴയുള്ള സമയമായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കേരള കർഷക സംഘം ചൂലൂർ മേഖലാ സെക്രട്ടറിയും കുന്നമംഗലം ഏരിയാ കമ്മറ്റി അംഗവുമാണ്. ഭാര്യ: പരേതയായ ദേവയാനി . മക്കൾ: സ്മിത (മലപ്രം അങ്കണവാടി വർക്കർ, സിപിഐ എം മലപ്രം ഈസ്റ്റ് ബ്രാഞ്ചംഗം), രശ്മി, കെ സി ശ്യാം ( സി പി ഐ എം ചൂലൂർ ലോക്കൽ കമ്മറ്റി അംഗം, കെഎസ് കെ ടി യു ചൂലൂർ മേഖലാ സെക്രട്ടറി). മരുമക്കൾ: പ്രേമദാസൻ, മനോജ് ( ബിഎസ്എഎൻഎൽ) , സൗമ്യ (സിപിഐ എം മുണ്ടക്കാളിതാഴം ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: കമലാക്ഷി , പരേതരായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ. സംസ്ക്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.
( പടം : കെ സി ഗംഗാധരൻ )