ഹബീബ് കാരന്തൂർ
കുന്ദമംഗലം: കോഴിക്കോട് മൊയ്തീൻ പള്ളിക്ക് സമീപത്തുള്ള ഫുട്പാത്തിൽ തെരുവ് കച്ചവടം നടത്തുന്ന മുണ്ടിക്കൽ താഴം ശ്രീനാഥും ഭാര്യ ബിന്ദുവും നിർദ നരായ കുടുംബത്തിന് മൂന്നര സെന്റ് ഭൂമി ദാനം ചെയ്തു. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഇല്ലാതെ വളർന്നുവന്ന ബിന്ദുവിന്റെ വിവാഹത്തിനായി വീട്ടുകാർ വിറ്റഭൂമി സ്വന്തം അധ്വാനത്തിൽ നിന്നും മിച്ചം വെച്ച തുകയും സ്വർണ്ണവും വിറ്റിട്ടാണ് തിരികെ വാങ്ങിച്ചത്. ഈ എട്ടര സെന്റ് ഭൂമിയിൽ നിന്നാണ് മുണ്ടിക്കൽ താഴം മേലെ മണ്ടാരത്ത് ഷീജക്കും കുടുംബത്തിനും ബിന്ദു കൈമാറിയത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഷീജ ഭർത്താവിന്റെ മദ്യപാനത്തിൽ പൊറുതിമുട്ടി ഏഴു വർഷങ്ങൾക്കു മുമ്പ് വിവാഹബന്ധം വേർപ്പെടുത്തി. രണ്ടു പെൺമക്കളുള്ള ഷീജ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. വീട്ടുവേല ചെയ്ത് ജീവിക്കുന്ന ഷീജ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പ്രയാസപ്പെടുകയാണ്. ഒരിക്കൽ ബിന്ദുവിന്റെ ഒറ്റ സുഹൃത്തായ ഷീജ സ്വന്തമായി ഭൂമിയുണ്ടെങ്കിൽ ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷക്കായി അപേക്ഷിക്കാമായിരുന്നു എന്ന് പറയുകയുണ്ടായി. ജീവിത നാൾവഴിയിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളും കണ്ടുവളർന്ന ബിന്ദുവിന്റെ മനസ്സിനെ ആ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. തന്റെ ആ പ്രയാസം ഭർത്താവിനോട് പങ്കുവെക്കുകയുണ്ടായി. ഭർത്താവ് ശ്രീനാഥ് സന്തോഷത്തോടെ ആ കാര്യം ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ ആവശ്യപ്പെട്ടു. മക്കളായ ഷിബിനും മേഘയും അതിനു പൂർണ്ണ പിന്തുണ നൽകി. ഈ വിവരങ്ങൾ ബിന്ദു പടിച്ച പെരിങ്ങളം ജിഎച്ച്എസ് ഹൈസ്കൂളിലെ സഹപാഠികളോട് പറയുകയും അവർ അതിനു വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകി. ഒരുനാൾ ഷീജയെ വിളിച്ചു വരുത്തി ബിന്ദുവും കുടുംബവും നിന്റെ ജീവിതാഭിലാഷമായ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഭൂമി ഞങ്ങൾ വിട്ടു തരാം എന്ന് പറഞ്ഞു. കുന്നോളം ഉണ്ടായിട്ടും കുന്നിക്കുരുവോളം ആരും തന്നെ വിട്ടു നൽകാത്ത ഈ കാലഘട്ടത്തിൽ ഞാൻ കേട്ടതും കണ്ടതും സത്യമാണോ എന്ന് ചിന്താഗതിയിൽ ഒരു മിനിറ്റ് നിശ്ചലമായ ശേഷം നിറഞ്ഞ മൊഴികളോടെ നെടുവീർപ്പോടെ ബിന്ദുവിനെ കെട്ടിപ്പിടിക്കുകയുമാണ് ഉണ്ടായത്. കാരുണ്യത്തിന്റെ വറ്റാത്ത നീരുറവ മനസ്സിൽ ഈ കാലഘട്ടത്തിലും നിലക്കാതെ ഒഴുകുന്നു എന്നതാണ് യാഥാർത്ഥ്യം. .