

കുന്ദമംഗലം: അഡ്വ.പി.ടി.എ റഹീം എം.എല്‍.എക്ക് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവു മായ പി.കെ.ഷറഫുദ്ദീന്‍ തുറന്ന കത്ത് അയച്ചത് സോഷ്യൽ മീഡിയ യിൽ വൈറലായി
കത്തിന്റെ പൂർണ രൂപം
ക്ഷേമം നേരുന്നു,
ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി, ഇടതു സര്‍ക്കാറിനെതിരായ ജനരോഷം മറികടക്കുന്നതിന് സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫ് ഒരുക്കുന്ന നവകേരള സദസ് നമ്മുടെ മണ്ഡലത്തില്‍ 26ന് നടക്കുകയാണല്ലോ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നാടാകെ സ്ഥാപനങ്ങള്‍ കയറി ഗുണ്ടാപിരിവ് നടത്തിയും ഫണ്ട് അനുവദിക്കാത്ത ബ്ലോക്ക് ഓഫീസില്‍ കയറി പിടിച്ചുപറി നടത്തിയുമെല്ലാം മുപ്പത് ലക്ഷത്തിലേറെ പൊടിപൊടിച്ചാണല്ലോ (കണക്ക് സംഘാടക സമിതിയുടേത്) കുന്ദമംഗലത്ത് ആര്‍ഭാട മാമാങ്കം ഒരുക്കുന്നത്. സര്‍ക്കാരിന്‍റെ പിടിപ്പ്കേട് മൂലം ജനം അനുഭവിക്കുന്ന ദുരിതത്തിന്‍റെയും അധികബാധ്യതയുടെയും കണക്കുകള്‍ വിവരിക്കുന്നില്ല ( അത് ഒരു പോസ്റ്റിൽ ഒതുങ്ങില്ല). പക്ഷെ, മുഖ്യമന്ത്രിയെയും മന്ത്രിപ്പടയെയും ഈ മണ്ണിലേക്ക് വരവേല്‍ക്കുന്നതിന് മുമ്പ്, നിയോജക മണ്ഡലത്തിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് പിണറായി സര്‍ക്കാർ എത്രത്തോളം പരിഗണന നല്‍കി എന്നുള്ള കാര്യം അങ്ങ് വിശദീകരിക്കേണ്ടതുണ്ട്. 2023-24ലെ ബജറ്റില്‍ പോലും വെറും പത്ത് കോടി മാത്രമാണ് ഈ മണ്ഡലത്തിന് അനുവദിച്ചത്. സമീപ മണ്ഡലങ്ങള്‍ക്ക് ഇതിന്‍റെ പത്ത് ഇരട്ടിയിലേറെ ഫണ്ട് അനുവദിച്ചപ്പോഴാണ് കുന്ദമംഗലത്തോടുള്ള അവഗണന.
2016ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാ വീടുകളിലും വിതരണം ചെയ്ത അങ്ങയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ വാഗ്ദാനങ്ങള്‍ക്ക് ശേഷം ഏഴ് വര്‍ഷമായി അങ്ങ് തന്നെയാണ് ഇവിടുത്തെ എം.എല്‍.എയും അങ്ങയുടെ മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നതും. താഴെ ചേര്‍ത്ത പ്രധാന വാഗ്ദാനങ്ങളില്‍ ഏതെല്ലാം നിറവേറ്റി എന്ന് ചോദിക്കുന്നില്ല. ഏതെങ്കിലും ഒന്ന് നിറവേറ്റിയോ എന്നാണ് ചോദ്യം. എന്താണ് ഇതിന് തടസ്സമായത്…? അങ്ങ് ആവശ്യപ്പെടാത്തതാണോ….? അതോ, അങ്ങേക്കും മണ്ഡലത്തിനും സര്‍ക്കാര്‍ പരിഗണന നല്‍കാത്തതോ….?
2016 ൽ താങ്കൾ നൽകിയ വാഗ് ദാനങ്ങൾ മറന്ന് പോയെങ്കിൽ ഒന്നു കൂടെ ശ്രദ്ധയിൽ പെടുത്തുന്നു .
1.കുന്ദമംഗലം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് സ്ഥാപിക്കും.
2.മാവൂരില്‍ പരിസ്ഥിതി സൗഹൃദ വ്യവസായം കൊണ്ടുവരും.
3.തെങ്ങിലക്കടവ് കാന്‍സര്‍ സെന്‍റര്‍ ആധുനിക സൗകര്യമുള്ള സെന്‍ററാക്കി മാറ്റും.
4.നിയോജക മണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കും.
5.ഒളവണ്ണ സി.എച്ച്.സിയില്‍ ഡയാലസിസ് കേന്ദ്രം സ്ഥാപിക്കും.
6.കുന്ദമംഗലത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കും
7.ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളില്‍ കയര്‍അധിഷ്ഠിത വ്യവസായം സ്ഥാപിക്കും.
8.എല്ലാ പഞ്ചായത്തിലും മൊബൈല്‍ ശ്മശാനങ്ങള്‍
9.മാവൂരിലെ പി.ഡബ്യു.ഡി സ്ഥലത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കും.
10.ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലസിസ് കേന്ദ്രം സ്ഥാപിക്കും.
11.മാവൂര്‍-കെട്ടാങ്ങല്‍ എന്‍.ഐ.ടി റോഡ് പരിഷ്ക്കരിക്കും
12.മാവൂരില്‍ പ്രൈമറി ഹെൽത്ത് സെന്റർ സ്ഥാപിക്കും
13.പുവ്വാട്ടുപറമ്പില്‍ പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് സ്ഥാപിക്കും.
14.കല്‍പ്പള്ളിയില്‍ പുതിയ ഗ്രൗണ്ട് നിര്‍മ്മിക്കും.
15.തെങ്ങിലക്കടവില്‍ എക്കോ ടൂറിസം.
- NIT, CWRDM , IIM എന്നിവയെ ഉപയോഗപ്പെടുത്തി കുന്ദമംഗലം വിദ്യാഭ്യാസ ഹബ്ബ്
17.കൂളിമാട്-ചെട്ടിക്കടവ് കേന്ദ്രമാക്കി ജലപാതയും ടൂറിസവും
18.മാമ്പുഴയില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം
19.മണ്ഡലത്തില്‍ ഹൈടക്ക് ഫാമുകള്‍
20.നിയോജക മണ്ഡലം ഡവലപ്മെന്‍റ് മിഷന്‍ രൂപീകരിക്കും.
21.വയോജനങ്ങള്‍ക്ക് സാംസ്ക്കാരിക പാര്‍ക്കുകള്‍
22.സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍
23.ചെറുപുഴ, ചാലിയാര്‍ തടയണ നിര്‍മ്മാണം
24.ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ മണ്ഡലത്തില്‍ സമഗ്ര പദ്ധതി.
25.പഠനവൈകല്യം പരിഹരിക്കുന്നതിന് ക്ലിനിക്കുകള്‍ സ്ഥാപിക്കും.
26.മിനി ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിക്കും.
27.നാളികേര ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വ്യവസായം.
28.ഊര്‍ജ്ജ സംരക്ഷണത്തിന് നൂതന പദ്ധതി.
29.ചാലിയാര്‍ കവണക്കല്ല് മേല്‍ഭാഗങ്ങളില്‍ ടൂറിസം.
30.ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പദ്ധതി
മേൽ വാഗ് ദാനങ്ങൾ ഒന്നും നടപ്പാക്കാതെ മണ്ഡലത്തിലെ ജനങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രദർശിപ്പിക്കുമ്പോൾ എന്ത് നിർവൃതിയാണ് അങ്ങേക്ക് ലഭിക്കുക. ലക്ഷങ്ങൾ പൊടിപൊടിച്ച് ഇത്തരം വീഴ്ചകൾ മൂടി വെക്കാനുള്ള ശ്രമം പരിഹാസ്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തട്ടെ.
എന്ന് ,
പി. കെ.ഷറഫുദ്ദീൻ ( ഒപ്പ് )
25.11.2023
