മാവൂർ: പാറമ്മൽ അങ്ങാടിയിൽ പീടിക കെട്ടിടത്തിനുമുകളിൽ ജനവാസമേഖലയിൽ മൊബൈൽ ടവർ നിർമിക്കുന്നത് ഉപേക്ഷിക്കണമെന്ന് മൊബൈൽ ടവർ വിരുദ്ധ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർദിഷ്ട കെട്ടിടത്തിന്റെ മുകളിൽ നടക്കുന്ന അനധികൃത നിർമാണം നിർത്തിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മൊബൈൽ ടവറിനെ കണ്ണടച്ച് എതിർക്കുന്നില്ല. എന്നാൽ, ജനവാസമേഖലയിൽ നിർമിക്കാൻ അനുവദിക്കില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും നിറഞ്ഞ സ്ഥലത്താണ് ടവർ നിർമിക്കുന്നത്. ജനവാസമില്ലാത്ത സ്ഥലം സമീപത്ത് എറെ ഉണ്ട്. ടവർ ഇവിടേക്ക് മാറ്റാൻ തയാറാകണം. ഇരുനില കെട്ടിടത്തിനുമുകളിൽ 21 മീറ്റർ ഉയരത്തിലാണ് ടവർ നിർമിക്കുന്നതെന്നാണ് വിവരം. ഈ കെട്ടിടത്തിന് ഇതിനുള്ള ശേഷി ഉണ്ടോയെന്ന് പരിശോധിക്കുകപോലും ചെയ്തിട്ടില്ല. ശക്തമായ കാറ്റിലും പ്രകൃതിക്ഷോഭത്തിലും നിലംപൊത്തി ജീവനുതന്നെ ടവർ ഭീഷണിയാകുമെന്ന് ആശങ്കയുണ്ട്. പ്രായം ചെന്നവരും കുട്ടികളുമടക്കമുള്ള ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന റേഡിയേഷൻ സാധ്യത കൂടുതലുള്ള മൊബൈൽ ടവർ ജനവാസമേഖലയിൽ നിർമിക്കുന്നത് അവസാനിപ്പിക്കണം. ഗ്രാമപഞ്ചായത്തിനെ നേരിട്ട് അറിയിക്കാതെ രഹസ്യ നീക്കത്തിലൂടെയാണ് ടവർ നിർമാണം തുടങ്ങിയത്. നിർമാണത്തിനെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കലക്ടർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വഖഫ് ഭൂമി സംബന്ധിച്ച വിഷയമുള്ളതിനാൽ വഖഫ് ബോർഡിനും പരാതി നൽകിയിട്ടുണ്ട്. നിർമാണത്തിനെതിരെ ശക്തമായ സമരം നടത്തും. ഇതിന്റെ ആദ്യപടിയായി ശനിയാഴ്ച വൈകുന്നേരം നാലിന് പാറമ്മൽ അങ്ങാടിയിൽ കുട്ടികളും സ്ത്രീകളും അടക്കം ആബാലവൃദ്ധം പങ്കെടുക്കുന്ന നിൽപ് സമരം സംഘടിപ്പിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ സമരത്തിൽ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ. കോയാമു, കൺവീനർ പി.ടി.സി. മുഹമ്മദലി മാസ്റ്റർ, കെ.ടി. ഷമീർബാബു, പി.സി. അബ്ദുറഹിമാൻ, പി.സി. അബ്ദുല്ല മാസ്റ്റർ, പി.സി. മുഹമ്മദ് ബഷീർ, കെ.പി. ഹസീന, കെ.ടി. നൗഫിയ എന്നിവർ പങ്കെടുത്തു.