കുന്ദമംഗലം: മാലിന്യമുക്ത സമുദ്രതീരം പദ്ധതി നമ്മുടെ വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തണമെന്ന് എൻ ഐ ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ’ പദ്ധതിയുടെ ഭാഗമായി എൻ ഐ ടി കാലിക്കറ്റിൽ നടന്ന ഏകദിന ശില്പശാല ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണ അവബോധ പരിപാടികളിൽ മാധ്യങ്ങളോടൊപ്പം വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കാളികളാകണമെന്നും, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ പുത്തൻ മാലിന്യ സംസ്കരണ പദ്ധതികൾ പരീക്ഷിക്കണമെന്നും മാധ്യമ പ്രവർത്തകരായ മലയാള മനോരമ ന്യൂസ് എഡിറ്റർ ജോഷ്വ പി. ജെ., ഹിന്ദു ചീഫ് ഓഫ് ബ്യുറോ ബിജു ഗോവിന്ദ് എന്നിവർ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളുമായി വിഗ്യാൻ പ്രസാർ ശാസ്ത്രജ്ഞൻ ആയ ഡോ ബി. കെ. ത്യാഗി, മറൈൻ ഇക്കോളജിസ്റ് ആയ ഡോ. ശ്രീരാജ് സി. ആർ. എന്നിവർ സംവദിച്ചു. എൻ ഐ ടി ഫിസിക്സ് പ്രൊഫസർ ഡോ. പി. പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ. എം.കെ. രവിവർമ (ഫിസിക്സ് വിഭാഗം തലവൻ), ഡോ. സന്ദീപ് ബറുവ (വിഗ്യാൻ പ്രസാർ), ഡോ. എ. സുജിത്ത് (പ്രൊഫസർ, കെമിസ്ട്രി), ഡോ. അബ്ദുനാസർ (DIET), ഡോ. ബിജു ധർമപാലൻ (വിഗ്യാൻ പ്രസാർ) എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി ‘വിമലതീരം, സുരക്ഷിത തീരം’ എന്ന വിഷയത്തിൽ ചിത്രരചന, ലേഖനമെഴുത്ത് എന്നിവ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കോഴിക്കോട് സൗത്ത് ബീച്ചിൽ ശുചീകരണവും ബോധവൽക്കരണവും നടന്നു.