ഹബീബ് കാരന്തൂർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (NITC) 18-ാമത് കോൺവൊക്കേഷൻ 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് നടക്കും. 948 ബി.ടെക്., 42 ബി.ആർക്ക്., 433 എം.ടെക്., 12 എം. പ്ലാൻ., 53 എം.സി.എ., 47 എം.ബി.എ., 61 എം.എസ്.സി., 91 പിഎച്ച്.ഡി എന്നിങ്ങനെ മൊത്തം 1687 ബിരുദധാരികൾക്ക് ബിരുദം ലഭിക്കും.
ചടങ്ങിന്റെ മുഖ്യാതിഥി, ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഓൺലൈനായി കോൺവൊക്കേഷൻ പ്രസംഗം നടത്തും. NITC ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർപേഴ്‌സൺ ശ്രീ. ഗജ്ജാല യോഗാനന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കോൺവൊക്കേഷൻ ഉദ്ഘാടനം നിർവഹിക്കും. പത്മശ്രീ അവാർഡ് ജേതാവും മുൻ യുജിസി ചെയർമാനും ന്യൂഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിംഗ് & ബയോടെക്‌നോളജി മുൻ ഡയറക്ടറും ആയ ഡോ. വീരേന്ദർ സിംഗ് ചൗഹാൻ ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും. NITC ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ കമാണ്ടർ (ഡോ.) എം എസ് ശാമസുന്ദര, ഡീൻ (അക്കാദമിക്) പ്രൊഫ. സമീർ എസ് എം, വിവിധ വകുപ്പു മേധാവികൾ എന്നിവർ ബിരുദദാന ചടങ്ങ് നിർവഹിക്കും.
60 വർഷത്തിലേറെ ചരിത്രമുള്ള NITC രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മികച്ച സാങ്കേതിക സ്ഥാപനങ്ങളിലൊന്നായി സ്ഥാനം നിലനിർത്തി. നവീകരണത്തിലും സംരംഭകത്വ വികസനത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തിൽ ARIIA-2021 റാങ്കിംഗിൽ NITC ദേശീയ തലത്തിൽ 9-ാം റാങ്ക് നേടി പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള NIT ആയി. ഈ വർഷത്തെ ദേശീയതല NIRF റാങ്കിംഗിൽ, NITC യുടെ ആർക്കിടെക്ചർ പ്രോഗ്രാം രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്ക് നിലനിർത്തി. എഞ്ചിനീയറിംഗ് സ്ട്രീമിൽ NITC കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള സ്കോർ മെച്ചപ്പെടുത്തി അഖിലേന്ത്യാ പട്ടികയിൽ 31-ാം സ്ഥാനം നേടി. സംസ്ഥാനത്ത് പാൻഡെമിക്കിന്റെ ഒന്നിലധികം തരംഗങ്ങളിൽ ലബോറട്ടറി സൗകര്യങ്ങൾ അടച്ചിടേണ്ടിവന്നെങ്കിലും ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരവും എണ്ണവും നിമിത്തം ഗവേഷണ സ്കോർ 5% മെച്ചപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിന് അതിന്റെ അഭിപ്രായ (perception) സ്‌കോർ മെച്ചപ്പെടുത്താനും സാധിച്ചു. മാനേജ്‌മെന്റ് സ്ട്രീമിനായുള്ള NIRF റാങ്കിംഗിൽ ആദ്യമായി പങ്കെടുത്ത NITC 84-ാം സ്ഥാനം നേടി. കഴിഞ്ഞ വർഷം NITC ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികളും 14 പേറ്റന്റുകൾ ഫയൽ ചെയ്തു. മുൻ വർഷങ്ങളിൽ ഫയൽ ചെയ്ത അഞ്ച് പേറ്റന്റുകൾ അനുവദിക്കപ്പെട്ടു.
കാമ്പസിൽ 11 പുതിയ മൾട്ടി ഡിസിപ്ലിനറി സെന്ററുകൾ അടുത്തിടെ സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഇആർപി സോഫ്റ്റ്‌വെയർ, ഗ്രീൻ ആംഫിതിയേറ്റർ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) ലാബ് എന്നിങ്ങനെ നിരവധി പുതിയ ഉദ്യമങ്ങൾ നിലവിൽ വന്നു. ഇവയിൽ പലതും പൂർവ വിദ്യാർത്ഥികളുടെ സാമ്പത്തിക പിന്തുണയോടെയാണ് സ്ഥാപിതമായത്. ലാബിറിന്ത് ഉദ്യാനത്തിനും അന്താരാഷ്ട്ര ഹാൾ ഓഫ് റെസിഡൻസിനും തറക്കല്ലിട്ടു. പ്രാദേശിക സമൂഹത്തിനും, സംരംഭകർക്കും, നൂതനാശയക്കാർക്കും വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ഔട്ട്റീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ഈ വർഷം NITCയിലെ പ്ലേസ്‌മെന്റുകളുടെ എണ്ണം ആദ്യമായി 1000 കടന്നു. കഴിഞ്ഞ വർഷത്തെ 714 തൊഴിൽ ഓഫറുകളെ അപേക്ഷിച്ച് 2021-22 പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ 1140 വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റുകൾ ലഭിച്ചു. 200-ഓളം കമ്പനികൾ കാമ്പസ് സന്ദർശിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ നിന്നുള്ള നാലു വിദ്യാർത്ഥികൾക്ക് Traceable AI എന്ന സ്ഥാപനം നൽകിയ 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയർന്ന വാർഷിക ശമ്പളം. ശരാശരി വാർഷിക ശമ്പളം Rs. 12 ലക്ഷം ആണ്. 309 പ്രീ-ഫൈനൽ ഇയർ വിദ്യാർത്ഥികൾ പ്രതിമാസം 1 ലക്ഷം വരെ ആകർഷകമായ സ്റ്റൈപ്പൻഡുകൾ നേടി ഈ വർഷം വ്യാവസായിക ഇന്റേൺഷിപ്പ് പൂർത്തിയാക്കി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ലൈൻ മോഡിൽ കോൺവൊക്കേഷൻ നടത്തുന്നത്. ഓപ്പൺ എയർ തിയറ്ററിലാണ് ചടങ്ങ് നടക്കുക. ശ്രീ. ധർമ്മേന്ദ്ര പ്രധാൻ, ഡോ. വീരേന്ദർ സിംഗ് ചൗഹാൻ എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വർഷത്തെ കോൺവൊക്കേഷന്റെ മുഖ്യാതിഥിയും വിശിഷ്ടാതിഥിയുമായി എത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒഡീഷയിലെ ഉത്കൽ സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീ. പ്രധാൻ യുവാക്കൾക്ക് വേണ്ടി നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിനു ഊന്നൽ നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സജീവമായി പ്രോത്സാഹിക്കുന്നു. ഡോ. ചൗഹാൻ ഡൽഹി സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദവും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡി.ഫിൽ ബിരുദവും, ജോർജിയ സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട്. പത്മശ്രീ ഉൾപ്പെടെ നിരവധി പ്രശസ്തമായ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റി, നാക്, യുജിസി, സൺ ഫാർമ മുതലായ പ്രശസ്തമായ സ്ഥാപനങ്ങളിൽ അദ്ദേഹം ഉന്നത തസ്തികകൾ വഹിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്റെ ബയോടെക്‌നോളജി വിഭാഗത്തിൽ ഡിസ്റ്റിംഗ്വിഷ്ഡ് ബയോടെക്‌നോളജി പ്രൊഫസറായും ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിംഗ് & ബയോടെക്‌നോളജിയിൽ എമറിറ്റസ് സയന്റിസ്റ്റ് ആയും അദ്ദേഹം സേവനം അർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് പ്രഗത്ഭ വ്യക്തിത്വങ്ങളും കോൺവൊക്കേഷൻ ചടങ്ങിലെ അതിഥികളായി എത്തുന്നത് ബിരുദധാരികളായ വിദ്യാർത്ഥികളുടെ മികവിലേക്കുള്ള പ്രയാണത്തിന് തീർച്ചയായും പ്രചോദനമാകും.
പ്രൊഫ.സമീർ എസ്.എം.
ഡീൻ (അക്കാദമിക്), NITC
വാർത്താ സമ്മേളനത്തിൽ
പ്രൊഫ. സതീദേവി പി. എസ്., ഡെപ്യൂട്ടി ഡയറക്ടർ NITC
പ്രൊഫ.സമീർ എസ്. എം., ഡീൻ (അക്കാദമിക്), NITC
പ്രൊഫ. അബ്ദുൽ നസീർ കെ. എ., ചെയർമാൻ – മീഡിയ സെൽ, NITC. തുടങ്ങിയവർ പങ്കെടുത്തു.