മാവൂർ: ഖത്തറിലുള്ള മാവൂർ പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലുമുള്ള ആളുകളുടെ കൂട്ടായ്മയായ മാവൂർ എക്സ്പാറ്റ് അസോസിയേഷൻ ഖത്തറിൻ്റെ (Mavoor Expat Association Qatar ( MEAQ ) ലോഗോ പ്രകാശനം ജൂലൈ 16ന് വൈകീട്ട് നാലിന് മാവൂർ എസ്.ടി.യു ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാലിയേറ്റീവ് കെയർ യൂനിറ്റിനുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്യും. അംഗങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയും മുന്നിൽ കണ്ടുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. ഖത്തറിലെ മാവൂർ പഞ്ചായത്തിലും അയൽ പഞ്ചായത്തിലും ഉൾപ്പെടുന്ന ഇരുനൂറോളം വരുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് നിലവിലെ അംഗബലം. പ്രവാസ ലോകത്ത് നിന്നുകൊണ്ട് നാട്ടുകാർക്കു ഒരുമിച്ചുകൂടാനും പരസ്പരം അടുത്തറിയാനും സഹായങ്ങൾ കൈമാറാനുമുള്ള ഒരു വേദി ഒരുക്കുക, മാവൂരിന്റെ കലാ- കായിക മികവറിന്റെ പരിച്ഛേദം അംഗങ്ങളിലൂടെ ഖത്തറിന്റെ മണ്ണിലേക്കും വ്യാപിപ്പിക്കുക, അംഗങ്ങൾക്ക് തൊഴിൽ സംബന്ധമായ സഹായങ്ങളും നിർദേശങ്ങളും നൽകുക, കൂട്ടായ പ്രവർത്തനത്തിലൂടെ നാടിൻറെ വികസന പ്രവർത്തനത്തിൽ പങ്കാളികളാവുക തുടങ്ങിയവയും കൂട്ടായ്മയുടെ പ്രഥമ പരിഗണയിലുണ്ട്. മുഹമ്മദ് ഷമീം പാറമ്മൽ (പ്രസി.), മുഹമ്മദ് ശാഫി ചെറൂപ്പ (ജനറൽ സെക്രറട്ടറി), അജ്മൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡഡന്റ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, മാവൂരിലെ വിവിധ സംഘടനാ പ്രതിനിധികൾ, മറ്റു ഗൾഫ് നാടുകളിലെ സംഘടനാ പ്രതിനിധികൾ, മുൻ ഖത്തർ പ്രവാസികൾ തുടങ്ങിയവർ പങ്കടുക്കും. വാർത്ത സമ്മേളനത്തിൽ അഹമ്മദ് കുട്ടി മാവൂർ, മുഹമ്മദ് ഷാഫി ചെറൂപ്പ, അജ്മൽ മാവൂർ, മഹേഷ് നായർ മാവൂർ എന്നിവർ പങ്കെടുത്തു.