കുന്ദമംഗലം: ആക്രിക്കടയിൽ നിന്ന് വാങ്ങിയ പഴയ സൈക്കിൾ ഉപയോഗിച്ച് നല്ല ഒന്നാം തരം ഇലക്ട്രിക് സൈക്കിൾ നിർമിച്ച് മർകസ് വിദ്യാർത്ഥി. മർകസ് ബോയ്സ് ഹയർസെക്കണ്ടറിയിലെ പ്ലസ് വൺ വിദ്യാർത്ഥി സയ്യിദ് ഹാശിമാണ് ഇലക്ടിക് സൈക്കിളിന്റെ നിർമാതാവ്. ഒരു തവണ ചാർജ് ചെയ്താൽ എട്ട് കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയും.ലോക്ഡൗണിൽ വീട്ടിലിരിക്കുന്നതിനിടയിലാണ് ഹാശിം പുതിയ പരീക്ഷണം ആരംഭിച്ചത്. വീടിന്റെ തൊട്ടടുത്തുള്ള ആക്രിക്കടയിൽ നിന്ന് പഴയ സൈക്കിൾ വാങ്ങിയ ഹാഷിം 48 വോൾട്ട് ബി.എൽ.ഡി.സി മോട്ടോർ, 12 വോൾട്ടിന്റെ നാല് യു.പി.എസ് ബാറ്ററി തുടങ്ങിയവ ഉപയോഗിച്ച് ഇലക്ടിക് സൈക്കിൾ നിർമിക്കുകയായിരുന്നു. മർകസ് ബോർഡിംഗ് സൈത്തൂൻ വാലിയിൽ സീറ്റ അക്കാദമിക്ക് കീഴിലാണ് കഴിഞ്ഞ 6 വർഷമായി സയ്യിദ് ഹാശിം പഠിക്കുന്നത്. സ്കൂൾ അധ്യാപകർ, സൈത്തൂൻവാലിയിലെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പിന്തുണയാണ് മികവിലേക്കെത്തിച്ചതെന്നാണ് ഹാശിമിന്റെ പക്ഷം. ഇലക്ട്രിക് കാർ നിർമാണമാണ് ഈ പതിനാറുകാരന്റെ അടുത്ത ലക്ഷ്യം. മലപ്പുറം തലപ്പാറ വലിയപറമ്പിലെ സയ്യിദ് ജഅ്ഫർ കോയ തങ്ങളുടെയും ആഇശ ബീവിയുടെയും മകനാണ്. കഴിഞ്ഞ ദിവസം മർകസിൽ നടന്ന ഐ.സി.എസ് കോൺവൊക്കേഷനിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഹാശിമിനെ അഭിനന്ദിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കാൻ കഴിയുന്നതും ഏകദേശം ഇരുനില കെട്ടിടത്തിന്റെ ഉയരത്തിൽ പറക്കാൻ സാധിക്കുന്നതുമായ റിമോട്ട് അധിഷ്ടിത ഹെലികോപ്റ്റർ ഹാശിം നേരത്തെ നിർമിച്ചിരുന്നു.