ചാത്തമംഗലം : എം.ഇ.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസ് കളൻതോടിലെ ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥിനിയായ എം റോഷ്നയെ കോളേജ് മാനേജ്മെന്റും പി.ടി.എയും ചേർന്ന് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു . കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശിനിയായ റോഷ്നയെ അവളുടെ വീട്ടിൽ ചെന്നാണ് ആദരിച്ചത്. ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25ാം സീസണോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജ് അധികൃതർ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്ന പ്രഖ്യാപിത ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് റോഷ്ന ശ്രദ്ധേയമായത്. ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങൾ ഒരുക്കിയ പവലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു നേട്ടം. 404 മീറ്റർ നീളമുള്ള കാർട്ടൂൺ 498 ഷീറ്റുകളിലായാണ് വരച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് റോഷ്ന. കൂടാതെ ലൈവ് കാരിക്കേച്ചറിൽ വിദഗ്ദ്ധയാണ് റോഷ്ന. മാനേജ്മെന്റ് സെക്രട്ടറി എൻ.കെ.അബൂബക്കർ, ട്രഷറർ പി.പി അബ്ദുള്ളക്കുട്ടി, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഇ.അബ്ദുറസാഖ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഗുലാം ഹുസൈൻ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർമാരായ പി.ടി.സ്റ്റാലിൻ, എൻ. മുഹമ്മദ് , അദ്ധ്യാപകരായ റസിയ, മുസ്തഫ ഷമീം എന്നിവർ സംസാരിച്ചു. ബിരുദപഠനത്തോടൊപ്പം ദുബൈയിൽ പോയി ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ കോളേജിന്റെ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു എന്ന് റോഷ്ന തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു .