കുന്ദമംഗലം: സ്കൂളിലെ
മുഴുവൻ വിദ്യാർഥിനികൾക്കും ഓൺലൈൻ പഠന സംവിധാനമൊരുക്കി മർകസ് ഗേൾസ് ഹൈസ്കൂൾ. കാരന്തൂർ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗമാണ് സ്കൂളിൽ പഠിക്കുന്ന ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥിനികൾക്കും ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയത്. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായ വിവരശേഖരണം നടത്തിയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്
സ്മാർട്ട് ഫോണോ മറ്റ് സംവിധാനങ്ങളോ
ഇല്ലാത്ത വിദ്യാർത്ഥികളെ
കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം പഠനം മുടങ്ങിയ അമ്പതോളം വിദ്യാർഥികളെയാണ് കണ്ടെത്താനായത്.
അധ്യാപകരുടെയും
രക്ഷിതാക്കളുടെയും
വലിയ സാമ്പത്തിക പങ്കാളിത്തത്തോടെയാണ്
പദ്ധതി നടപ്പിലാക്കിയത്.
പിടിഎ കമ്മിറ്റിയുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും നല്ല
സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ പഠന ശേഷം
സ്മാർട്ട് ഫോണുകൾ
സ്കൂൾ ഡിവൈസ് ലൈബ്രറിയിലേക്ക് തിരിച്ചു
നൽകണമെന്ന നിബന്ധനയോടെയാണ്
വിദ്യാർഥിനികൾക്ക് നൽകിയിട്ടുള്ളത്.
സർക്കാർ പ്രഖ്യാപനത്തോടെ
ബാങ്കുകളിൽനിന്ന് ലഭിച്ച വായ്പ സഹായവും നിരവധി വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഒരു വീട്ടിൽ ഒന്നിലധികം വിദ്യാർഥിനികൾ ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ
വിവിധ ചാരിറ്റി സംഘടനകളിൽ നിന്ന് കൂടുതൽ സഹായം ലഭ്യമാക്കി
അത്തരം വിദ്യാർഥികൾക്ക് കൂടി ഡിവൈസ് നൽകുന്നതിനുള്ള ശ്രമത്തിലാണ് പിടിഎയും സ്റ്റാഫ് കൗൺസിലുമുള്ളത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
സമ്പൂർണ്ണ ഓൺലൈൻ വിദ്യാഭ്യാസ പ്രഖ്യാപനവും ഡിവൈസ് ലൈബ്രറി ഉദ്ഘാടനവുംഎം വി ശ്രേയാംസ്കുമാർ എംപി നിർവ്വഹിച്ചു. പ്രധാനാധ്യാപിക എ ആയിഷ ബീവി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിപുൽകുന്നുമ്മൽ , പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി, മർകസ് എ ജി എം അഡ്വ. മുഹമ്മദ് ശരീഫ്, പ്രിൻസിപൽ എ റഷീദ്,
മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കുഞ്ഞാലി,നോഡൽ ഓഫീസർ എ കെ മുഹമ്മദ് അഷ്റഫ്,
സ്റ്റാഫ് സെക്രട്ടറി പി ശിഹാബുദ്ദീൻ, ഡോ. അബൂബക്കർ നിസാമി , അബ്ദുൽ ജലീൽ അഹ്സനി , എസ് ആർ ജി കൺവീനർ പി റബീബ, എ പി സഫിയു റഹ്മാൻ, ഫഹദ് അബ്ദുൽഅസീസ് സംസാരിച്ചു.