ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ഡി മരിയയുടെ പ്രസൻസ് ഓഫ് മൈൻഡാണ് ആദ്യ പകുതിയിൽ എടുത്തുപറയാനുള്ളത്. ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. കൂടുതൽ ഒത്തിണക്കം പ്രകടിപ്പിച്ച അർജൻ്റീനയാണ് കളിയിൽ മുൻതൂക്കം പ്രകടിപ്പിച്ചത്. എടുത്തുപറയത്തക്ക ചാൻസുകൾ പിന്നീട് ഇരു ടീമുകൾക്കും തുറന്നെടുക്കാനായില്ല.
രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ, സമർത്ഥമായി പ്രതിരോധിച്ച അർജൻ്റീന ബ്രസീലിന് അവസരങ്ങളേതും നൽകിയില്ല. വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ബർബോസ എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി. 85ആം മിനിട്ടിൽ ഗാബിയുടെ ഒരു ഇടങ്കാലൻ വോളി ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി സേവ് ചെയ്തതാണ് കളിയിൽ ബ്രസീലിൻ്റെ എടുത്തുപറയത്തക്ക ചാൻസ്. അവസാന മിനിട്ടുകളിൽ ബ്രസീൽ തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അർജൻ്റീന വഴങ്ങിയില്ല. 87ആം മിനിട്ടിൽ ഡിപോളിൻ്റെ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസി പാഴാക്കിയത് അവിശ്വസനീയമായി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തു. ബ്രസീൽ 22 ഫൗളുകൾ നടത്തിയപ്പോൾ അർജൻ്റീന 14 വട്ടം ഫൗൾ ചെയ്തു. അർജൻ്റീനയ്ക്ക് 5 മഞ്ഞ കാർഡും ബ്രസീലിന് 4 മഞ്ഞ കാർഡുമാണ് ലഭിച്ചത്. 60 ശതമാനം പൊസിഷനും 13 ഷോട്ടുകളും ഉണ്ടായിട്ടും 2 ഷോട്ടുകൾ മാത്രമേ ബ്രസീലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായുള്ളൂ. അത്ര കൃത്യതയോടെയായിരുന്നു അർജൻ്റീനയുടെ പ്രതിരോധം.
കോപ്പ അമേരിക്ക ഫൈനലിൻ്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജൻ്റീന മുന്നിൽ. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.