കുന്ദമംഗലം: മഹല്ലിൽ വഖഫ് ബോർഡ് വിധി പ്രകാരം നിലവിൽ വന്ന മഹല്ല് കമ്മറ്റിയെഅംഗീകരിക്കാതെ ,വ്യാജമായി മഹല്ല് കമ്മറ്റിയുടെ സീലുപയോഗിച്ചു റസിപ്റ്റ് നൽകി പണപ്പിരിവ് നടത്തുന്നതിനെതിരെയും ,മഹല്ല് ഭാരവാഹികളെ അക്രമിക്കാൻ ശ്രമിച്ചതിനെതിരെയും സൈനുദ്ദീൻ ,അബദുള്ളക്കോയ ,സലിം എന്നിവർക്കെതിരെ കുന്ദമംഗലം പോലീസിൽ കൊടുത്ത പരാതിയിൽ അന്വേഷണം നടത്താതെ തിരിച്ച് ഒരു വ്യക്തി നൽകുന്ന പരാതിയിന്മേൽ കുന്ദമംഗലം പോലീസ് കാണിക്കുന്ന പക്ഷപാതിത്വത്തിനെതിരെ മഹല്ല് നിവാസികൾക്കിടയിൽ പ്രതിഷേധം ഉയരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ചു പല സമയങ്ങളിലായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മഹല്ല് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സൈനുദ്ദീൻ ,വഖഫ് ബോർഡ് അധികാരം നൽകിയ കമ്മിറ്റിയെ തകർക്കാനും മഹല്ലിൽ കുഴപ്പങ്ങളുണ്ടാക്കാനും ശ്രമിച്ചു വരികയാണ്. മഅദിൻ അക്കാദമിയിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായ ഇയാളുടെ അളവിൽ കവിഞ്ഞ സ്വത്തുക്കൾ അന്വേഷണ വിധേയമാക്കണമെന്നും നാട്ടുകാരിൽ ആവശ്യമുയരുന്നുണ്ട്.കഴിഞ്ഞ മുപ്പത് വർഷം മഹല്ല് ഭരണം ഏകപക്ഷീയമായി നടത്തുന്നതിനെതിരെ കൊടുത്ത കേസിൽ വന്ന അന്തിമ വിധിയിൽ ഇരുവിഭാഗത്തിനും തുല്യ പ്രാധാന്യം നൽകി വഖഫ് ബോർഡ് വിധി അംഗീകരിച്ചു കൊണ്ട് നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മഹല്ല് കമ്മിറ്റിയെ തകർക്കുന്നതിനായി ,മഹല്ല് ഭാരവാഹികളുടെ പേരിൽ കള്ളക്കേസ് കൊടുക്കുകയും ,അതിൽ ഉന്നത സ്വാധീനത്തിൽ പക്ഷപാതിത്വം കാണിച്ച് കൊണ്ടിരിക്കുന്ന കുന്ദമംഗലം പോലീസിൻ്റെ നടപടിയിൽ ശക്തമായ പ്രതിഷേധം മഹല്ല് കമ്മിറ്റി രേഖപ്പെടുത്തി. കുന്ദമംഗലം പോലീസ് നീതി പാലിക്കണമെന്നും ,മഹല്ല് ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന സൈനുദ്ദീൻ അടക്കമുള്ളവരുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ മഹല്ല് പ്രസിഡണ്ട് എം.കെ.മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.എം.പി. ആലിഹാജി സ്വാഗതവും ,പൈക്കാട്ട് അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.