മാവൂർ :അടിക്കടി ഉയരുന്ന ഡീസൽ, പെട്രോൾ വില വർദ്ധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കൊണ്ട് മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സൈക്കിൾ യാത്ര സംഘടിപ്പിച്ചു. ജില്ല യൂത്ത് ലീഗ് കമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ജീവിത ചെലവ് വളരെയേറെ വർധിക്കാൻ കാരണമാകുന്ന ഇന്ധന വില വർദ്ധനവ് ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന ഭരണകൂടം തയ്യാറാകണം. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നികുതി കുറച്ച് വില നിയന്ത്രണത്തിന് മുന്നോട്ട് വരണം. കോവിഡും ലോക്ക് ഡൗണും ജനങ്ങളെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് തള്ളി വിടുമ്പോൾ ആശ്വാസം നൽകേണ്ട ഭരണകൂടം മുഖം തിരിഞ്ഞ് കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടി അംഗീകരിക്കാൻ പറ്റില്ല. വില വർധനവിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ വഴി തിരിച്ചു വിടാൻ വൈകാരിക വിഷയങ്ങൾ കൊണ്ട് വരുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ധന വില വർധന പോലുള്ള ജനകീയ പ്രശ്നങ്ങളിലുള്ള പ്രതിഷേധം തുടർന്ന് കൊണ്ട് പോകാൻ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഒ എം നൗഷാദ് സൂചിപ്പിച്ചു. ട്രഷറർ സി ടി ശരീഫ് സ്വാഗതവും, മാവൂർ ടൗൺ യൂത്ത് ലീഗ് സെക്രട്ടറി മിദ്‌ലാജ് നന്ദിയും പറഞ്ഞു.