കുന്നമംഗലം : ഉത്തർപ്രദേശിലെ ഹഥ്റസിൽ കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് തലങ്ങളിൽ ‘പ്രതിഷേധ കൂട്ടം’ സംഘടിപ്പിച്ചു. സംഘ് പരിവാറിന്റെ അധികാര രാഷ്ട്രീയം തകർക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തെയാണെന്നും ദളിത് ന്യൂനപക്ഷ വേട്ടക്കെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം സുമയ്യ നെടുംകണ്ടത്തിൽ ആവശ്യപ്പെട്ടു. ‘പ്രതിഷേധകൂട്ടം’ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നമംഗലം, പന്തീർപ്പാടം, ആനപ്പാറ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം നടന്നു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, സലീം മേലേടത്ത്, എം.സി. മജീദ്, ഇ.പി. ഉമർ, കെ.കെ. അബ്ദുൽ ഹമീദ്, ഇ.പി. ലിയഖത്ത് അലി, ഇ.അമീൻ, പി.പി. മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.