കുന്ദമംഗലം:വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വൻ മുന്നേറ്റം കൈവരിക്കാൻ സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രസ്താവിച്ചു. കാരന്തൂരിലെകുന്നമംഗലം വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 1400 വില്ലേജ് ഓഫീസുകളെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനും ഇതിൽ 441 ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കാനും സാധിച്ചു. വില്ലേജ് ഓഫീസുകൾ മെച്ചപ്പെടുത്താൻ ഈ സർക്കാരിന്റെ കാലയളവിൽ 300 കോടി രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കുന്നമംഗലം വില്ലേജ് ഓഫീസ് കെട്ടിടം നവീകരിച്ചത്. പഴയകാല പ്രൗഢി നിലനിർത്തിക്കൊണ്ട് ആധുനിക സംവിധാനങ്ങളോടെ ജനസൗഹൃദമായ രീതിയിലാണ് പ്രവൃത്തികൾ നടത്തിയിട്ടുള്ളത്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, കാരാട്ട് റസാഖ് എം.എൽ.എ,
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.പി കോയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് പടനിലം, ബഷീർ പടാളിയിൽ, എം.കെ മോഹൻദാസ്, സോമൻ തട്ടാരക്കൽ, സി. അബ്ദുൽ ഗഫൂർ, വി.കെ ദിനേശൻ സംസാരിച്ചു. ജില്ലാ കലക്ടർ എസ് സാംബശിവറാവു ഐ.എ.എസ് സ്വാഗതവും എ.ഡി.എം റോഷ്നി നാരായണൻ നന്ദിയും പറഞ്ഞു.