കുന്ദമംഗലം: ഉത്സവാന്തരീക്ഷത്തിൽ നടക്കേണ്ടിയിരുന്ന കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം രാഷ്ടീയാതി പ്രസരത്താൽ തീർത്തും നിറം മങ്ങി. സ്ഥലം എം എൽ എ പി ടി എ റഹീമും ഇടത് പക്ഷവും യു ഡി എഫ് ജനപ്രതിനിധികളെയും നേതാക്കളേയും അവഗണിക്കുകയായിരുന്നു. എം.കെ. രാഘവൻ എം.പിയെ ചടങ്ങിൽ ക്ഷണിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെ മാറ്റി നിർത്തി. ബ്ലോക്ക് പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലമായിട്ടു പോലും യു ഡി എഫ് കാരണെന്നതിനാൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. പി. റംല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. അബ്ദു റഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രിപുര പൂളോറ എന്നിവരെ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കി. തലേന്നാൾ മാത്രമാണ് ഇവർക്കുള്ള ഷണക്കത്ത് ഓഫീസിൽ എത്തിച്ചതത്രേ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനേയും വൈസ് പ്രസിഡണ്ടിനേയും ഉൾപ്പെടുത്തിയപ്പോൾ ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിലിനെ തഴഞ്ഞു . മിനി സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ യു.സി. ബുഷ് റ, ഗ്രാമ പഞ്ചായത്ത് അംഗം എം.വി. ബൈജു എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കുക പോലും ചെയ്തില്ല. ആകെ ക്ഷണിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനവാസുേദേവനെ മാത്രമാണ്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്താണ് മിനി സിവിൽ സ്റ്റേഷന് അനുമതി ലഭിച്ചതും പണി ആരംഭിച്ചതും. മിനി സിവിൽ സ്റ്റേഷൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും യു ഡി എഫിൻ്റെ ജനപ്രതിനിധികളെയും നേതാക്കളെയും ബോധപൂർവ്വം ഒഴിവാക്കിയ നടപടിയിൽ യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ഖാലിദ് കിളിമുണ്ട, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി. കേളുക്കുട്ടി എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.