അൻഫാസ് കാരന്തൂർ
[ ‘മൂക്കിനുള്ളിലൂടെ ഒരു കോല് കടത്തി, തലച്ചോറിനെ വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധനയൊക്കെ നടത്തുന്നത്.’ ]
കൊവിഡ് ടെസ്റ്റിംഗിന് സ്വാബ് എടുക്കുന്നതിനെ പറ്റി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു മെസേജിലെ വാചകമാണ്.
തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ. ഇത്തരം വ്യാജ സന്ദേശങ്ങൾ പടച്ചുവിടുന്നവർ, ഒന്നുകിൽ മനുഷ്യശരീരത്തെ പറ്റി LP സ്കൂൾ ലെവൽ അറിവുപോലുമില്ലാത്ത ഒരാളാണ്. അല്ലെങ്കിൽ, മനുഷ്യരെ വെറുതെ ഭയപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ്.
ഈ വ്യാജസന്ദേശം വായിച്ച് ആശങ്കപ്പെട്ടിരിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. അവർക്കുവേണ്ടി മാത്രം പറയുന്നതാണ്, നമ്മുടെ തലച്ചോർ മൂക്കിൻ്റെ പുറകിലും മുകളിലുമായി എല്ലുകൾ കൊണ്ട് നിർമ്മിച്ച ശക്തമായ ഒരു കൂടിനുള്ളിൽ വളരെ സുരക്ഷിതമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് ടെസ്റ്റിന് സ്വാബെടുക്കുന്നതിന് തലച്ചോറുമായി ഒരു ബന്ധവുമില്ല. നമ്മൾ വായ നല്ലവണ്ണം തുറക്കുമ്പോൾ ഏറ്റവും പിറകിൽ കാണുന്ന ഭിത്തിയില്ലേ, അതാണ് അണ്ണാക്ക് അഥവാ ഓറോഫാരിംഗ്സ്. അതിൻ്റെ തന്നെ തുടർച്ചയായി മൂക്കിന് പുറകിലുള്ള, നമുക്ക് നേരിട്ട് നോക്കിയാൽ കാണാൻ പറ്റാത്ത ഭാഗമാണ് നേസോഫാരിങ്ക്സ് (Nasopharynx). അവിടെയുള്ള ശ്ലേഷ്മ സ്തരത്തിൽ നിന്നാണ് കൊവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം സ്വാബിൽ ശേഖരിക്കുന്നത്.
കൊവിഡ് കണ്ടുപിടിക്കുന്നതിനുള്ള വിവിധതരം ടെസ്റ്റുകളെ പറ്റി ഇൻഫോക്ലിനിക് മുമ്പ് എഴുതിയിട്ടുള്ളതാണ്. അതിൽ പിസിആർ ടെസ്റ്റ്, ആൻറിജൻ ടെസ്റ്റ് എന്നിവയ്ക്കാണ് മൂക്കിൽ നിന്നും സ്രവം എടുത്ത് പരിശോധിക്കുന്നത്. ഒരാൾ രോഗബാധിതനാണോ അല്ലയോ എന്നറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റുകളാണ് ഇവ രണ്ടും.
ഇനി ദാ ഈ ഡയലോഗുകൾ കൂടി ഒന്ന് കേട്ടുനോക്കൂ,
”കഴിഞ്ഞ തവണ മറ്റേ ഹോസ്പിറ്റലീന്ന് എടുത്തപ്പോ ഇത്ര ഇറിറ്റേഷൻ ഉണ്ടായില്ലല്ലോ ഡോക്റ്ററേ.. ഇങ്ങളെന്താ കിണറ് കുഴിയ്ക്കാണോ.?!”
”എയർപോർട്ടിന്നെടുത്തപ്പോ പെട്ടെന്ന് കഴിഞ്ഞു.. ഹോസ്പിറ്റലിലെ സ്റ്റാഫിന് അവര്ടെ അത്ര അറിയില്ലാന്ന് തോന്നുന്നു.”
”എന്റെ അച്ഛന് ഹെൽത്ത് സ്റ്റാഫെടുത്തപ്പോ മുക്കീന്ന് ചോര വരെ വന്നു, പക്ഷേ എനിക്കിപ്പൊ തീരെ ബുദ്ധിമുട്ടുണ്ടായില്ല ട്ടോ..”
”നിങ്ങളെന്തിനാണിത്ര സമയമെടുത്ത് കറക്കുന്നത്, ഒന്നു തൊട്ടാത്തന്നെ വൈറസുണ്ടേലിങ്ങ് കിട്ടൂലേ..?”
”ഓ ഇത്രേ ഉണ്ടായിരുന്നുള്ളോ, ഫ്രണ്ട് പറഞ്ഞത് കേട്ട് പേടിച്ചാ വന്നത്..”
”ആ പേഷ്യന്റിന്റ സാംപിൾ ഡോക്റ്റർ തന്നെ എടുക്കാമോ? കഴിഞ്ഞ തവണ അയാളെന്നെ ചീത്ത വിളിച്ചതാ..” – ഇത് നഴ്സിന്റ വക
ഇതെല്ലാം കോവിഡ് ടെസ്റ്റിന് സ്വാബെടുക്കാൻ വരുന്നവരുടെ പരാതികളും ആകുലതകളുമാണ്. പ്രത്യേകിച്ച് ഒന്നിലധികം തവണ ടെസ്റ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ.
അവരാരെയും കുറ്റപ്പെടുത്താൻ പറ്റില്ല. മൂക്കിനകത്തേക്ക് ഒരു കോല് കടത്തിയുള്ള ഈ സ്വാബെടുക്കൽ നമുക്കത്ര സുഖകരമായ ഒരു കാര്യമല്ല തന്നെ. എന്നാലതത്ര വിഷമം പിടിച്ചതോ പേടിക്കേണ്ടതോ ആയ ഒരു ഏർപ്പാടുമല്ലാ.
ഈ കോല് എന്ന് നാട്ടുകാർ പറയുന്ന നമ്മുടെ ‘സ്വാബ്’ യഥാർത്ഥത്തിൽ ഒരു ചെറിയ ഇയർബഡ് പോലത്തെ സാധനമാണ്. ഒരു കനം കുറഞ്ഞ പ്ലാസ്റ്റിക് കമ്പിൻ്റെ അറ്റത്ത്, കോട്ടണോ അല്ലെങ്കിൽ അതുപോലെ ‘സ്രവം’ ആഗിരണം ചെയ്യാൻ സാധിക്കുന്ന ഒരു വസ്തു ചുറ്റിയ, കാഴ്ചയിൽ ഇയർബഡ് പോലെ തന്നെയിരിക്കുന്ന ഒന്ന്. അതിന് നമ്മളെ മുറിവേൽപ്പിക്കാനോ വേദനിപ്പിക്കാനോ കഴിയില്ല.
നമ്മളുപയോഗിക്കുന്ന ഈ സ്വാബിംഗ് രീതി പുതിയതായി കൊവിഡിനു വേണ്ടി കണ്ടുപിടിച്ചതൊന്നുമല്ല. ശ്വസനവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാക്കുന്ന ഇൻഫ്ലുവൻസ, വില്ലൻചുമ, RSV, ഡിഫ്തീരിയ തുടങ്ങി പല സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം കണ്ടുപിടിക്കാൻ നേരത്തെ ചെയ്തു വന്ന ഒന്നാണ്.
പ്രധാന സംഗതിയെന്താണെന്നു വെച്ചാൽ എതൊരു രോഗാണുവും, വൈറസോ ബാക്ടീരിയയോ ഏതായാലും, അവ കൂടുതലായി വളരുന്ന ശരീരഭാഗമേതെന്ന് കണ്ടറിഞ്ഞ് അവിടുന്ന് സാംപിൾ ടെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാകൂ. മെനിഞ്ചൈറ്റിസ് ഉണ്ടോയെന്നറിയാൻ നട്ടെല്ലിൽ കുത്തി വെള്ളമെടുത്ത് (CSF) പരിശോധിക്കുന്നത് ഒരുദാഹരണം. പ്രാഥമികമായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന SARSCoV-2 എന്ന കോവിഡ് വൈറസ് മൂക്കിലെയും ശ്വാസനാളത്തിലെയും ശ്ളേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ച് പെറ്റു പെരുകിയാണ് ശ്വാസകോശത്തിലേക്കും മറ്റവയവങ്ങളിലേക്കും പടരുന്നത്. അതുകൊണ്ടു തന്നെ, വൈറസിൻ്റെ സാന്നിധ്യം ഏറ്റവുമധികം ഉണ്ടായിരിക്കുന്നതും അവിടെ തന്നെ.
ഈ Nasopharyngeal swab എടുക്കുന്ന രീതി ഇങ്ങനെയാണ്:
സ്വാബ് ടെസ്റ്റിന് വിധേയനാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ഏതാണ്ട് 70° യിൽ ചരിച്ചുവെക്കും. കൃത്യമായി ഫോക്കസ് ചെയ്യുന്ന ലൈറ്റുപയോഗിച്ച് മൂക്കിന്റെ ഉൾഭാഗം പരിശോധിക്കും. കൂടുതൽ വ്യാപ്തിയും സ്ഥല ലഭ്യതയുമുള്ള നാസാരന്ധ്രത്തിലൂടെ കടത്തുന്ന സ്വാബ്, മൂക്കിന്റെ അടിഭാഗത്തു(towards floor of the nose) കൂടെ, വായയ്ക്ക് സമാന്തരമായാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടത്.
ഇങ്ങനെ Nasopharynx-ൽ എത്തിയ സ്വാബിനെ, അവിടെ ശ്ലേഷ്മസ്തരത്തിൽ മുട്ടിച്ച് പിടിക്കും. സ്രവങ്ങൾ ഊർന്നിറങ്ങാൻ 10-15 സെക്കന്റുകൾ വരെ എടുക്കും. അതിനിടയിൽ 2 -3 തവണ Swab കറക്കി, സ്രവം ശേഖരിച്ചുവെന്ന് ഉറപ്പിക്കും. ശേഷം പതിയെ പോയ വഴിയിലൂടെ സ്വാബ് തിരിച്ചിറക്കും. രണ്ടു മൂക്കിൽ നിന്നും സ്വാബ് ശേഖരിക്കുന്നതാണ് ശരിയായരീതി. സ്രവം ശേഖരിച്ച സ്വാബിനെ ഒരു ടെസ്റ്റ് ട്യൂബിലെ വൈറസ് ട്രാൻസ്പോർട്ടിംഗ് മീഡിയത്തിലേക്ക് അപ്പോൾ തന്നെ മാറ്റും. ശേഷം രോഗിയുടെ പേരും നമ്പരും എല്ലാം രേഖപ്പെടുത്തി, ലാബിലേക്ക് അയക്കും.
സ്വാബ് മൂക്കിനുള്ളിലൂടെ കടന്നുപോകുന്ന സമയത്ത്, മൂന്നു തരത്തിലുള്ള താൽക്കാലിക പ്രതിപ്രവർത്തനങ്ങൾ(reflexes) ആ വ്യക്തിയുടെ ശരീരത്തിൽ അനുഭവപ്പെടാം.
1) Sneezing reflex:- മൂക്കിന്റ തുടക്കഭാഗത്തു തന്നെയുള്ള ഞരമ്പുകൾ പ്രചോദിപ്പിക്കപ്പെടുന്നത് മൂലം തുമ്മലുണ്ടാവാം.
2) Nasolacrimal reflex:- മൂക്കിൻ്റെ മധ്യഭാഗം വഴി സ്വാബ് കടന്നു പോകുമ്പോൾ, അതവിടുള്ള നാഡീഞരമ്പുകളെ പ്രചോദിപ്പിക്കുന്നത് വഴി ഇരുകണ്ണുകളിലും കണ്ണുനീര് നിറയാം.
3) Gag reflex:-. മൂക്കിന്റെ പുറകിലായുള്ള തൊണ്ടയുടെ ഭാഗത്തെത്തി അവിടെ തൊടുമ്പോൾ ഓക്കാനവും ചുമയും വരാം.
ഇതെല്ലാം എല്ലാർക്കും ഉണ്ടാവണമെന്നില്ല. ഉണ്ടായാൽ തന്നെ ഒരേ തീവ്രതയിൽ അനുഭവപ്പെടണമെന്നുമില്ല. വ്യക്തികൾക്കനുസരിച്ച് വ്യത്യാസം വരാം. ചിലർക്ക് നിസ്സാരമായും, ചിലർക്കൽപം കൂടുതലും. ഏതാണെങ്കിലും അവ താൽക്കാലികമായൊരു അസ്വസ്ഥത മാത്രമാണ്. വളരെവേഗമത് മാറിക്കിട്ടും.
എന്തുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടി നമ്മൾ ‘മൂക്കിൻറെ പുറകിലുള്ള’ ശ്ലേഷ്മസ്തരത്തിൽ നിന്നുതന്നെ സ്വാബ് എടുക്കണം എന്ന് നിർബന്ധം പിടിക്കുന്നത്?
വളരെ ജനുവിൻ സംശയമാണ്. ഇത്തരം സംശയങ്ങൾ പലർക്കും തോന്നിയിട്ടുണ്ടാവാം. മൂക്കിൻറെ തുമ്പു മുതൽ ശ്വാസകോശം വരെ ശ്വസനവ്യവസ്ഥയുടെ ഭാഗമാണ്, എങ്കിൽ പിന്നെ കുറച്ചുകൂടി എളുപ്പമുള്ള വേറെ ഏതെങ്കിലും ഭാഗത്ത് നിന്ന് സ്വാബ് എടുത്താൽ പോരെ, എന്തിനാണ് മൂക്കിൻറെ പുറകിൽ തന്നെ പോയി എടുക്കണം എന്നൊക്കെ..
1.കൊറോണ, ഇൻഫ്ലുവൻസ തുടങ്ങിയ RNA വൈറസുകൾ ശ്വസനവ്യവസ്ഥയിൽ മൂക്കിൻ്റെ മധ്യഭാഗം മുതൽ പുറകിലുള്ള ശ്ലേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ചാണ് വളരുന്നത്. അതുകൊണ്ടുതന്നെ മൂക്കിൻ്റെ അറ്റത്തുനിന്നും ഒരു സ്വാബ് എടുത്തു കഴിഞ്ഞാൽ നമുക്ക് ഈ വൈറസിനെ കിട്ടാനുള്ള സാധ്യത തുലോം തുച്ഛമാണ്.
- മറ്റൊരു എളുപ്പ വഴിയാണ്, വായ തുറന്ന് അണ്ണാക്കിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്യുന്ന രീതി. പക്ഷേ അവിടെ നമ്മൾ ശേഖരിക്കുന്ന സ്രവം ഉമിനീരുമായി കലരുന്നതിനാൽ, തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- രോഗബാധിതനായ ഒരാളിൽ വൈറസിൻ്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉണ്ടാവാൻ സാധ്യതയുള്ളത്, ശ്വാസനാളത്തിൽ നിന്നും ശ്വാസകോശത്തിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങളിലാണ്. പക്ഷേ ശ്വാസനാളത്തിൽ നിന്നും സ്രവം ശേഖരിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. അതിന് ഒരുപാട് ഭൗതികസൗകര്യങ്ങൾ ആവശ്യമാണ്, സ്രവം ശേഖരിക്കാൻ വലിയ വൈദഗ്ധ്യം ആവശ്യമാണ്, മാത്രമല്ല രോഗിയെ അഡ്മിറ്റാക്കിയാൽ മാത്രമേ അത് ചെയ്യാനും സാധിക്കുകയുള്ളൂ.
- വൈറസിൻ്റെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താവുന്ന, എന്നാൽ രോഗിക്കും സ്വാബ് ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകനും വലിയ ബുദ്ധിമുട്ട് ഉണ്ടാവാത്ത, ചുരുങ്ങിയ സമയവും ഭൗതികസൗകര്യങ്ങളും കൊണ്ട് കൂടുതൽ രോഗികളിൽ പരിശോധന നടത്താവുന്ന ഒരു രീതി ആയതുകൊണ്ടാണ് Nasopharyngeal സ്വാബ് തന്നെ ഈ രോഗത്തിന് നമ്മൾ എടുക്കേണ്ടി വരുന്നത്.
ഈവിധം ശേഖരണത്തിലും, വിനിമയ സംവിധാനങ്ങളിലും കൃത്യമായ മാർഗ്ഗ നിർദേശങ്ങളിലൂടെ കടന്നുപോയ nasopharyngeal സാംപിളുകളിൽ വരെ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത 50 to 70% മാത്രമാണ്. അതുകൊണ്ടു തന്നെ നമ്മളോരോരുത്തരുടെയും കൃത്യമായ സഹകരണം ഈ സ്വാബ് ശേഖരിക്കുമ്പോൾ അനിവാര്യമാണ്.
വ്യാജവാർത്തകളിൽ വിശ്വസിച്ചോ ഭയം കൊണ്ടോ നമ്മളതിനോട് നിസ്സഹകരിക്കുകയാണെങ്കിൽ, അതുമൂലം കൃത്യമായിട്ടല്ല സ്രവം ശേഖരിക്കുന്നതെങ്കിൽ, വരാൻ സാധ്യതയുള്ള അപകടങ്ങൾ വളരെ വലുതായിരിക്കും.
അതുകൊണ്ടുതന്നെ രോഗിയുടെ അല്ലെങ്കിൽ സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയരായവുന്നവരുടെ പരിപൂർണ സഹകരണവും, അറിവും അത്യാവശ്യമാണിവിടെ. ഇതിനു പുറമേ മൂക്കിനുളളിലെ ദശവളർച്ച, ഉളളിലെ എല്ലിന്റെ വളവ്, നേരത്തെ ചെയ്തിട്ടുള്ള സർജറികൾ തുടങ്ങി മൂക്കിനുള്ളിൽ തടസ്സമുണ്ടാക്കുന്ന പല കാരണങ്ങൾ കൊണ്ടും പൂർണ്ണമായി സ്വാബ് ഉള്ളിലെത്താതിരിക്കാം. അത്തരത്തിൽ നേരത്തെ അറിവുള്ള തടസ്സങ്ങൾ രോഗിക്കോ, എടുക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകർക്കോ അനുഭവപ്പെട്ടാൽ, കൃത്യത ഉറപ്പു വരുത്താൻ ഒരു ENT specialist -ന്റെ സേവനം ലഭ്യമെങ്കിൽ ഉപയോഗപ്പെടുത്തണം. പതിവിൽ കൂടുതൽ പ്രതിരോധം അനുഭവപ്പെട്ടാൽ, ഒരിക്കലും ബലമുപയോഗിച്ച് സ്വാബ് മൂക്കിലേക്ക് തള്ളിക്കയറ്റാനും പാടില്ല. നാസൽ സ്പെക്കുലം എന്ന ലഘു ഉപകരണത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ വകഞ്ഞു മാറ്റിയേ അത് ഉള്ളിലെത്തിക്കാവൂ.
രോഗനിർണയത്തിൻ്റെ, അതിനുള്ള ടെസ്റ്റുകളുടെ കൃത്യതയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അച്ചുതണ്ട്. അതിന് ശരിയായ, ശാസ്ത്രീയമായ അറിവ് നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം.
ഇന്നല്ലെങ്കിൽ നാളെ നമ്മളോരോരുത്തരും കടന്നു പോകേണ്ട വഴികൾ മാത്രമാണിത്.
ചെറിയ, താൽക്കാലികമായ ബുദ്ധിമുട്ടുകളെ അവഗണിക്കുക. സാംപിളുകൾ എടുക്കുന്ന ആരോഗ്യ പ്രവർത്തകരുമായി തുറന്ന് സംവദിക്കുക. സഹകരിക്കുക. വ്യാജസന്ദേശങ്ങളെയും അനാവശ്യ ഭീതി നിറയ്ക്കുന്ന വ്യാജവാർത്തകളെയും അവഗണിക്കുക.
നമ്മുടെ ശരിയായ അറിവും ക്ഷമയും സഹകരണവുമാണ്, വിസ്ഫോടനശേഷിയുള്ള ഈ രോഗത്തിൻ്റെ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മൂർച്ച കൂട്ടുന്നത്.
അത് മറക്കാതിരിക്കുക..
കടപ്പാട്: ഡോ. റോഷിത് എസ് [അതിഥി ലേഖകൻ), ഡോ. മനോജ് വെള്ളനാട്
ഇൻഫോ ക്ലിനിക്]