കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലുണ്ടായ സംഭവം ഏൽപ്പിച്ച ഞെട്ടലിൽ നിന്ന് 47 കാരനായ രാജ്കുമാർ ഇപ്പോഴും മുക്തനായിട്ടില്ല. വെറും 50,000 രൂപയുടെ ലോണിന് അപേക്ഷിക്കാനായി ബാങ്കിൽ പോയ രാജ്കുമാറിനോട് അധികൃതർ പറഞ്ഞത് 50 കോടി രൂപ തിരിച്ചടയ്ക്കാനാണ്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.
കഴിഞ്ഞ 17 വർഷമായി വഴിയരികിൽ ചായ വിൽക്കുകയാണ് രാജ്കുമാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഉപജീവന മാർഗം വഴിമുട്ടിയപ്പോൾ 50,000 രൂപയുടെ ലോണിന് രജ്കുമാർ അപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ സിബിൽ സ്‌കോർ കുറവാണെന്ന് ബാങ്ക് അധികൃതർ പറയുന്നത്. 50.76 കോടി രൂപ വരുന്ന 16 ലോണുകൾ രാജ്കുമാർ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടച്ചിട്ടില്ലെന്നും ബാങ്ക് അധികൃതർ രാജ്കുമാറിനോട് പറഞ്ഞു. എന്നാൽ എസ്ബിഐയിൽ നിന്ന് 20,000 രൂപയുടെ ലോൺ മാത്രമാണ് എടുത്തിട്ടുള്ളെന്ന് രാജ്കുമാർ പറഞ്ഞു.
സിബിൽ സ്‌കോർ പ്രകാരം പേഴ്‌സണൽ ലോണുകൾ, വ്യാവസായിക ലോണുകൾ, ടു-വീലർ ലോൺ എന്നിവയാണ് രാജ്കുമാർ എടുത്തിരിക്കുന്നത്. പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നാണ് ചില ലോണുകൾ എടുത്തിരിക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്കിനെ സമീപിച്ചപ്പോഴാണ് അത് സാങ്കേതിക പിഴവാണെന്നും 10-15 ദിവസത്തിനകം ശരിയാകുമെന്നും ബാങ്ക് അറിയിച്ചത്. സിബിൽ ഏജൻസിയോട് രാജ്കുമാറിന്റെ പേരിൽ നിന്ന് ലോണുകൾ നീക്കം ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.