വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ ചിലവായി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക.യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്കും നൽകും.എമിറേറ്റ്സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായുള്ള ചികിത്സാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി പ്രത്യേക രജിസ്‌ട്രേഷനോ യാത്രയുടെ ദൈർഘ്യമോ പ്രശ്‌നമുള്ളതല്ല. യാത്രയ്ക്കായി ടിക്കറ്റെടുക്കുമ്പോൾ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. യാത്രചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ചികിത്സാ സഹായത്തിന് സാധുതയുണ്ടാവുക. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെ നിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം ലഭ്യമാകുന്നതാണ്. കൂടതൽ വിവരങ്ങൾക്ക് യാത്രക്കാർ ഈ ലിങ്കുമായി ബന്ധപ്പെടാം: www.emirates.com/COVID19assistance.