കൈക്കൂലി നൽകിയില്ലെന്നാരോപിച്ച് പതിനാലുകാരൻ വിൽപനക്ക് വെച്ച മുട്ടകൾ തട്ടിത്തെറിപ്പിച്ച് അധികൃതർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ബാലൻ മുട്ടകൾ വില്പനക്ക് വെച്ച വണ്ടി അധികൃതർ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വണ്ടി മറിഞ്ഞ് റോഡിൽ പൊട്ടിക്കിടക്കുന്ന മുട്ടകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.കൊവിഡ് വ്യാപനത്തിൻ്റെ ഭാഗമായി ഇൻഡോറിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഡിൻ്റെ ഇരു വശങ്ങളിലായി ഇടവിട്ട ദിവസങ്ങളിൽ കച്ചവടം ചെയ്യാൻ മത്രമേ വഴിയോര കച്ചവടക്കാർക്ക് അനുമതിയുണ്ടായിരുന്നുള്ളൂ. ഇങ്ങനെയാണ് ബാലനും ഉപജീവനത്തിനായി മുട്ട വിൽക്കാൻ എത്തിയത്. എന്നാൽ, രാവിലെ കച്ചവടത്തിനെത്തിയതിനു പിന്നാലെ അധികൃതർ എത്തി. ഒന്നുകിൽ 100 രൂപ നൽകി കച്ചവടം നടത്താം, അല്ലെങ്കിൽ കച്ചവടം അവസാനിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ബാലൻ ഇത് നിരസിച്ചു. ഇതേ തുടർന്നാണ് കോഴികുട്ട നിരത്തിവച്ചിരുന്ന കൈവണ്ടി അധികൃതർ തട്ടിത്തെറിപ്പിച്ചത്.കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനും കുടുംബവും എന്ന് ബാലൻ പറഞ്ഞു. ഈ നഷ്ടം തനിക്ക് താങ്ങാൻ കഴിയില്ലെന്നും തൻ്റെ ഉപജീവന മാർഗമാണ് അധികൃതർ തകർത്തുകളഞ്ഞെതെന്നും ബാലൻ കൂട്ടിച്ചേർത്തു.