കുന്ദമംഗലം: കോവിഡ് 19 ബാധിച്ച് ഗൾഫിൽ വെച്ചു മരണപ്പെട്ടവരുടെ നാട്ടിലെ ഉറ്റ ബന്ധുക്കൾക്ക് അടിയന്തിര ധന സഹായമായി സർക്കാർ 25 ലക്ഷം രൂപയെങ്കിലും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യു സി രാമൻ എക്സ്.എം.എൽ.എ ആവശ്യപ്പെട്ടു. ഈ നാടിന്റെ സമഗ്രമായ മാറ്റത്തിന് മുതൽക്കൂട്ടായി വർത്തിച്ച പ്രവാസി സമൂഹത്തിന് നാടിന്റെ കരുതലനിവാര്യമായ ഈ ഘട്ടത്തിൽ നാമത് നൽകിയേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ദിവസവും മരണവാർത്തകൾ വരുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തെക്കുറിച്ചോ മൃതദേഹം പോലും കാണാൻ കഴിയാതെ നീറുന്ന അവരുടെ മനസ്സുകളെക്കുറിച്ചോ നാമൊന്നും തന്നെ വേവലാതിപ്പെടുന്നില്ല എന്നത് എന്തൊരു അനീതിയാണ് എന്നും യു സി രാമൻ ചോദിച്ചു.
അത് പോലെ തന്നെ ഇപ്പോൾ വിദേശത്തുള്ള പ്രവാസി കുടുംബങ്ങൾ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. താരതമ്യേന ഉപരിവർഗത്തിലുള്ളവർ പോലും നിത്യച്ചിലവിന് പോലും കാശില്ലാതെ വലയുകയാണ്. എല്ലാ പ്രവാസികളുടെയും കുടുംബങ്ങൾക്ക് 10000 അതിജീവന തുകയായും സർക്കാർ അനുവദിക്കണമെന്നും യു സി രാമൻ ആവശ്യപ്പെട്ടു.