കുന്ദമംഗലം:കാശിക്കുടുക്കയിൽ ശേഖരിച്ച ചില്ലറത്തുട്ടുകളുടെ കെട്ടുമായി പി.ടി.എ.റഹീം എം.എൽ.എയെത്തേടി അനാർക്കലിയെത്തി. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിനു വേണ്ടി.
ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാർക്കലി. അമ്മയും ബന്ധുക്കളും ഏറെക്കാലമായി നൽകിവന്നിരുന്ന നാണയങ്ങൾ കാശിക്കുടുക്കയിൽ സംഭരിക്കുമ്പോൾ അവൾക്കുമുണ്ടായിരുന്നു അതുപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒട്ടേറെ സ്വപ്നങ്ങൾ. ഒരു ദുരന്തമുഖത്ത് നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അവൾ ചിന്തിച്ചത് ടി.വിയിൽ കണ്ട മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെക്കുറിച്ചാണ്. കാശിക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ആഗ്രഹം താൻ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ കൂടിയായ അമ്മയുമായാണ് അവളാദ്യം പങ്കുവെച്ചത്. അനാർക്കലിക്കൊപ്പം പി.ടി.എ റഹീം എം.എൽ.എയുടെ അടുത്തെത്തിയ മംഗള ഭായ് എന്ന ആ അമ്മയുടെ മുഖത്ത് മകളെക്കുറിച്ചുള്ള അഭിമാനബോധം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.
കാശിക്കുടുക്ക പൊട്ടിച്ചെടുത്ത നാണയങ്ങളടങ്ങിയ കിഴി എം.എൽ.എയെ ഏൽപ്പിക്കുമ്പോൾ അനാർക്കലിയുടെ കണ്ണുകളിൽ നിർവൃതിയുടെ തിളക്കം. മംഗള ഭായിയിൽ നിന്ന് ഒരു മാസത്തെ ശമ്പളത്തിന്റെ തുകക്കുള്ള ചെക്ക് സ്വീകരിക്കുമ്പോൾ ടീച്ചറുടെ സംഭാവനയേക്കാൾ ഈ കൊച്ചു മിടുക്കിയുടെ സമ്പാദ്യം സ്വീകരിക്കുമ്പോഴാണ് തനിക്കേറെ സന്തോഷം തോന്നുന്നതെന്ന എം.എൽ.എയുടെ പ്രതികരണത്തിന് വിശാലമായ അർത്ഥ തലങ്ങളുണ്ടായിരുന്നു.
ഒരു നാടിന് കൊച്ചു കുട്ടികൾ പോലും നൽകുന്ന സ്നേഹത്തിന്റെ ഈ കരുതൽ വെറുതെയാവില്ലെന്നുറപ്പ്. പിണറായി വിജയന്റെ നേതൃത്വത്തിൽ നാം അതിജീവിക്കുക തന്നെ ചെയ്യും.