കുന്ദമംഗലം:കോവിഡ് വ്യാപനം ശക്തമായ വിദേശ രാജ്യങ്ങമിൽ നിന്നും മടങ്ങിയെത്തുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പ്രവാസികൾക്ക് എല്ലാ വിധ സംരക്ഷണവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സജ്ജമാക്കുമെന്ന് പ്രസിഡണ്ട് ലീന വാസുദേവൻ പറഞ്ഞു. നിരീക്ഷണ കാലഘട്ടത്തിൽ താമസമൊരുക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സൗകര്യവും യാത്രാ സൗകര്യവും ഒരുക്കും. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള പ്രവാസികളുടെ വിവരശേഖരണം നടത്തുന്നതിന് വാർഡ് മെമ്പർമാർ നേതൃത്വം നൽകും. രണ്ട് ദിവസം കൊണ്ട് ഇത് പൂർത്തിയാക്കും. കോവിഡ് എന്ന മഹാമാരി ധ്രുതഗതിയിൽ പരക്കുന്ന സാഹചര്യത്തിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും നാട്ടിലെത്തിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്ന് അവർ കേന്ദ്ര- സംസ്ഥാന ഗവണ്മെൻ്റുകളോട് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ പ്രത്യേകിച്ച് മലബാർ മേഖലയുടെ സാമ്പത്തിക അടിത്തറ പാകിയ പ്രവാസി സമൂഹത്തെ ദുരിത പൂർണ്ണമായ അവസ്ഥയിൽ സഹായിക്കുവാനുള്ള ബാധ്യത ഭരണകൂടങ്ങൾ ക്കുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. വൈസ് പ്രസിഡണ്ട് കെ.പി. കോയ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ് കുമാർ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.അസ്ബിജ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആസിഫ റഷീദ് എന്നിവരും പ്രസിഡണ്ടിനൊപ്പം സന്നിഹിതരായിരുന്നു.