ഒളവണ്ണ :സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിൽസ ആരംഭിച്ചു. പി.ടി.എ റഹീം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് കിടത്തിച്ചികിൽസാ സൗകര്യം ആരംഭിച്ചത്.
ആറ് സ്ഥിരം ഡോക്ടർമാരും രണ്ട് ഹൗസ് സർജൻമാരുമാണ് ഇവിടെ പരിശോധനക്കായി ഉണ്ടാവുക. എൻ.എച്ച്.എം സഹായത്തോടെ അഞ്ച് ജീവനക്കാരെയും പുതുതായി നിയമിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രധാന ആശുപത്രികൾ കോവിഡ് ചികിൽസാ കേന്ദ്രങ്ങളാക്കുന്നതിനാൽ പ്രാദേശിക സർക്കാർ ആശുപത്രികളിൽ സൗകര്യം വർദ്ധിപ്പിച്ച് സാധാരണക്കാർക്ക് മറ്റ് ചികിൽസകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒളവണ്ണ സി.എച്ച്.സിയിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് കിടത്തിച്ചികിൽസക്ക് ആവശ്യമായ ഫർണിച്ചറും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിലെയും പരിസരങ്ങളിലേയും ജനങ്ങൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഏറെ സഹായകമാവും. കിടത്തി ചികിൽസ നിഷേധിച്ച ആനപ്പാറ ഗവ: ഹോസ്പിറ്റലിലും കിടത്തി ചികിൽസ പുനരാംഭിക്കുന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ