കുന്ദമംഗലം: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന മർകസിന്റെ പ്രവർത്തങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവർണ്ണർ’ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിഷണയും പ്രാപ്തിയും ഉള്ള നേതൃത്വമാണ് കേരള മുസ്ളിംകളുടെ ശക്തി. എങ്ങനെ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതിയിലെത്തിക്കാമെന്നും വിവിധ ജനവിഭാഗങ്ങളുമായി സൗഹാർദ്ധത്തിൽ കഴിയണമെന്നും ഇവിടെയുള്ള മുസ്‌ലിം നേതാക്കൾ കാണിക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനം രാജ്യത്തിനു മുഴുവൻ മാതൃകയാണ്. അൻപതു വർഷത്തെ വിശ്രമമില്ലാത്ത യത്‌നങ്ങളിലൂടെ അദ്ദേഹം സാധിച്ചെടുത്ത വൈജ്ഞാനിക മഹാ മുന്നേറ്റത്തെ താൻ ആദരവോടെ കാണുന്നു. ഖുർആൻ പഠിപ്പിക്കുന്നത് വിജ്ഞാനം ആഴത്തിൽ നേടാനും ജീവിതം പ്രകാശമാനമാക്കാനുമാണ്. ഖുർആന്റെ മൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാവണം മുസ്ലിംകളുടെ ജീവിതം : ഗവർണ്ണർ പറഞ്ഞു.
>
> മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഗവർണറെ ആദരിച്ചു. ഗവർണ്ണർക്കുള്ള മർകസിന്റെ ഉപഹാരം സി മുഹമ്മദ് ഫൈസി കൈമാറി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്‌ഹരി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.