സംഘ്‌രാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക – വെല്‍ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂർ : ‘സംഘ്‌രാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക’ എന്ന തലക്കെട്ടിൽ സംഘപരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി കുറ്റിക്കാറ്റൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി പി ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന സവര്‍ണാധിപത്യ വംശീയ രാഷ്ട്രം നിര്‍മിക്കാനായാണ് രാജ്യമെങ്ങും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരെ വംശീയ കൊലകള്‍ അരങ്ങേറുന്നതെന്നും രാജ്യത്തെ ജനങ്ങളൊന്നായി ഇതിനെ ചെറുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ പശുവിന്റെ പേര് പറഞ്ഞ് നടത്തിയ കൊലകള്‍ ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഝാര്‍ഖണ്ഡിലെ തബ്‌രീസ് അന്‍സാരിയുടെ അരും കൊലക്ക് ശേഷമാണ് കഴിഞ്ഞ ദിവസം യു.പിയില്‍ ഖാലിദ് എന്ന 17കാരനെ ചുട്ടുകൊന്നത്. ഉത്തര്‍ പ്രദേശിലെ ബലിയയില്‍ ശോഭ്‌നാഥ് പാസ്വാന്‍ എന്ന ദലിത് കച്ചവടക്കാരനെ തല്ലിക്കൊന്നതും കഴിഞ്ഞ ദിവസമാണ്. ഇത്തരം സംഭവങ്ങളെല്ലാം ആസൂത്രിതമായ മുന്നൊരുക്കത്തോടെ പേലീസിന്റേയും ഭരണകൂടത്തിന്റേയും പിന്തുണയോടെ നടക്കുന്നവയാണ്. ജനങ്ങളില്‍ ഭയം ജനിപ്പിച്ച് തങ്ങളുടെ സമഗ്രാധിപത്യത്തെ ഊട്ടി ഉറപ്പിക്കാനുള്ള ആര്‍.എസ്.എസ് ഗൂഢാലോചനയുടെ പരിണിത ഫലങ്ങളാണിതെല്ലാം. ജനങ്ങള്‍ ഒന്നിച്ച് ചെറുത്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് അനീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗം റഹ്മാൻ കുറ്റിക്കാട്ടൂർ സംസാരിച്ചു. ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പേരിങ്ങൊളം സമാപന പ്രസംഗം നടത്തി. കുറ്റിക്കാട്ടൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സി അബ്ദുറഹ്മാൻ, സലിം മേലേടത്തിൽ, റഫീഖ്, വാരിസുൽ ഹഖ് എന്നിവർ നേതൃത്വം നൽകി