കുന്ദമംഗലം: സ്കൂട്ടർ യാത്രക്കിടയിൽ വീണുeപായ തൊപ്പി എടുക്കുന്നതിനിടയിൽ ബസ് തട്ടി മരണപ്പെട്ട ചാത്തമംഗലം ചെമ്പനം കുഴിയിൽ ബീരാൻ കോയ ഹാജി സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തന്നിൽ അമർപ്പിതമായ ജോലികൾ പൂർത്തീകരിക്കുന്നതിൽ തികച്ചും കൃത്യതയും കണിശതയും പുലർത്തിയിരുന്ന ബീരാൻ കോയ ഹാജി പാവപ്പെട്ടവന് നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയിരുന്നു. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെയാണ് ചാത്തമംഗലത്ത് ബൈത്തുറഹ്മ നിർമ്മിച്ചത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് തന്നെ താക്കോൽദാനം നിർവ്വഹിപ്പിക്കണം എന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.അതു പ്രകാരം ഇതിന്റെ ഭാഗമായി ബഹുമുഖ സമ്മേളനം തന്നെ നടത്തിയത് ബീരാൻ കോയ ഹാജിയുടെ ശ്രമഫലമായാണ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.കഴിഞ്ഞ റമളാനിൽ വിപുലമായ റിലീഫ് പ്രവർത്തനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നത്.വളരെ കുറഞ്ഞ മുസ്ലിം വീടുകളാണ് മഹല്ലത്തിലുള്ളതെങ്കിലും എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പരിപാടി വിജയിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി വിരമിച്ച ശേഷം തന്റെ സേവനം പൂർണ്ണമായും പള്ളി, മദ്രസ്സ, രാഷ്ട്രീയം എന്നിവക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചിരുന്നത്.കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ വാർഡിന്റെ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചതും ബീരാൻ കോയ ഹാജിയാണ്. ചാത്തമംഗലത്തെ മത രാഷ്ട്രീയ രംഗത്ത് ബീരാൻ കോയ ഹാജിയുടെ നിര്യാണത്തോടെ നികത്താനാവാത്ത വിള്ളലാണ് വീണിരിക്കുന്നത്. ഉച്ചക്ക് ഖബറടക്കത്തിനു ശേഷം അനുശോചന യോഗം ചേർന്നു, കെ.എ.ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.യു.സി.രാമൻ, അമീൻ അശ്ഹരി, എൻ.പി.ഹംസ മാസ്റ്റർ,ശോഭന അഴകത്ത്,, ടി.കെ.സുധാകരൻ, സുബ്രഹ്മണ്യൻ മാസ്റ്റർ, സദാനന്ദൻ, ഗോപാലകൃഷ്ണൻ ചൂലൂർ, എം.കെ.അജീഷ്, എൻ.എം.ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, ഒ.അശോകൻ, കെ.ടി.ഷരീഫ്, ഹനീഫ ചാത്തമംഗലം സംസാരിച്ചു.നജീബ് കാന്തപുരം, ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ, എം.ബാബുമോൻ എന്നിവർ സന്ദർശിച്ചു.